കൊട്ടിയം: ശക്തമായ മഴയില്‍ കായാവില്‍ തോട് കരകവിഞ്ഞ് പണയവയലിലെ വീടുകള്‍ വെള്ളത്തില്‍ മുങ്ങി. നിരവധി വീട്ടുകാര്‍ ദുരിതത്തിലായി.

കായാവില്‍ തോടും കാരിക്കുഴി തോടും കൈയേറി നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് കെടുതികള്‍ക്ക് വഴിയൊരുക്കിയത്. ബുധനാഴ്ച രാത്രി പെയ്ത ഒറ്റമഴയില്‍ത്തന്നെ നിരവധി വീടുകളില്‍ വെള്ളം കയറി. വിശാലമായ തോടിന്റെ ഇരുവശവും കരിങ്കല്‍ കെട്ടി മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബ് ഇട്ട് തോട് റോഡാക്കിയതോടെയാണ് ഒരു പ്രദേശത്തെയാകെ വെള്ളത്തില്‍ മുക്കിയ കെടുതിയുണ്ടായത്.

മയ്യനാടിന്റെ വിശാലമായ നെല്‍പ്പാടമായിരുന്നു പണയവയല്‍. ഏറെയും കര്‍ഷകത്തൊഴിലാളികളായിരുന്നു ഇവിടെ. വികസനത്തിന്റെ മറവില്‍ തോടുനികത്തി റോഡാക്കിയതോടെ ഭൂ മാഫിയ വയലേലകള്‍ കൈയടക്കി. വന്‍ തുകയ്ക്ക് വയലുകള്‍ വിറ്റ് റിയല്‍ എസ്റ്റേറ്റ് സംഘങ്ങള്‍ ലക്ഷങ്ങള്‍ കൊയ്തു. അതോടെ വയലില്‍ നിരവധി വീടുകള്‍ ഉയര്‍ന്നു.

എന്നാല്‍ ഇവര്‍ക്കാവശ്യമായ പശ്ചാത്തലസൗകര്യങ്ങള്‍ ഒന്നും പഞ്ചായത്ത് ഒരുക്കിനല്‍കിയതുമില്ല. വേനലില്‍ കടുത്ത ഉണക്കും മഴപെയ്താല്‍ വെള്ളപ്പൊക്കവുമായി അനന്തരഫലം. മുക്കുളം, കാക്കോട്ടുമൂല, ധവളക്കുഴി വെള്ളാപ്പില്‍മുക്ക്, ആലുംമൂട് ഭാഗങ്ങളില്‍നിന്ന് എത്തുന്ന മഴവെള്ളം കയാവില്‍ തോട് നിറഞ്ഞൊഴുകുന്നു. മലിനജലം കെട്ടിക്കിടക്കുന്നതിനാല്‍ കിണറുകളും മലിനമായി.