കൊട്ടാരക്കര: വില്ലൂരില്‍ കടന്നല്‍ക്കുത്തേറ്റ് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും രണ്ട് ആടുകള്‍ ചാവുകയും ചെയ്തു. മൂന്ന് ആടുകള്‍ ഗുരുതരാവസ്ഥയിലാണ്. വെട്ടിക്കവല പനമ്പിലയില്‍ ജിതേഷ് കുമാര്‍ (35), അമ്മ സരസമ്മ (55), സഹോദരന്റെ മക്കളായ സച്ചു (14), സഞ്ജു (10), അയല്‍വാസി രഘുഭവനില്‍ രഘു (മണി-49) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
 
രഘുവിന്റെ വീട്ടിലെ അഞ്ച് ആടുകളെയും കടന്നലുകള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇതില്‍ രണ്ട് ആടുകള്‍ ചത്തു. സച്ചുവും സഞ്ജുവും കൊല്ലം ജില്ലാ ആസ്​പത്രിയിലും മറ്റുള്ളവര്‍ കൊട്ടാരക്കര താലൂക്ക് ആസ്​പത്രിയിലും ചികിത്സയിലാണ്. വീടിനുസമീപം റബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിനിടെയാണ് ജിതേഷിന് കടന്നലുകളുടെ കുത്തേറ്റത്. രക്ഷപ്പെടാനായി ഓടി വീട്ടില്‍ക്കയറിയ ജിതേഷിനെ പിന്തുടര്‍ന്നെത്തിയ കടന്നല്‍ക്കൂട്ടം വീട്ടിലുണ്ടായിരുന്ന സരസമ്മയെയും കുട്ടികളെയും കുത്തുകയായിരുന്നു.
 
നിലവിളികേട്ടെത്തിയ അയല്‍വാസി മണിക്കും കുത്തേറ്റു. മണിയുടെ വീട്ടുപറമ്പില്‍ കെട്ടിയിട്ടിരുന്ന ആടുകളെയും കടന്നലുകള്‍ കൂട്ടമായി കുത്തിപ്പരിക്കേല്‍പ്പിച്ചു. കടന്നല്‍ ഇളകിയതോടെ പരിസരവാസികളില്‍ പലരും ഓടിരക്ഷപ്പെട്ടു. പരിക്കേറ്റ ആടുകളെ ചെങ്ങമനാട് മൃഗാസ്​പത്രിയിലെത്തിച്ചെങ്കിലും രണ്ടെണ്ണം ചത്തു. പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി പിന്നീട് കടന്നല്‍ക്കൂട് നശിപ്പിച്ചു.