കൊട്ടാരക്കര: ചേറുനിറഞ്ഞ കണ്ടങ്ങളില്‍ കള മൂടിക്കിടക്കുന്നതു കാണുമ്പോള്‍ എഴുപതിലും തൃക്കണ്ണമംഗല്‍ ബിജുഭവനില്‍ തങ്കച്ചന്റെ മനസ്സില്‍ മരമടിയുടെ ഇരമ്പമുയരും. മുക്രയിട്ടു കുതിക്കുന്ന മൂരികള്‍ക്കും മുമ്പേ ചെളിതെറ്റി കുതിച്ചിരുന്ന കാലത്തെ ഓര്‍മ്മകളുടെ ഇരമ്പം. ആറുപതിറ്റാണ്ടായി കേരളത്തിലങ്ങോളമിങ്ങോളമുള്ള മരമടിക്കളങ്ങളിലെ നിത്യസാന്നിധ്യമായിരുന്നു തങ്കച്ചന്‍.

നിയമം മരമടിക്കു 'മൂക്കുകയറിട്ട'തോടെ തങ്കച്ചന്റെ ആവേശക്കാഴ്ചകളും അസ്തമിച്ചു. എങ്കിലും കാളകളെ വളര്‍ത്തുന്ന ശീലം ഇന്നും തുടരുന്നു. ഒരു മൈലയും (ചുവപ്പ്), ഒരു കോളയും (കറുപ്പ്) തങ്കച്ചന്‍ ഇപ്പോഴും കരുതി വളര്‍ത്തുന്നു. മികച്ച ഓട്ടക്കാരായ 13 കാളകളെ വളര്‍ത്തിയിരുന്ന കാലമുണ്ടായിരുന്നു. അരണവാലും (കട്ടികുറഞ്ഞ വാല്‍) ഉപ്പുഡിയും(കട്ടികുറഞ്ഞ തോല്‍) മുന്‍ കാലുകളേക്കാള്‍ ഒരു കുളമ്പടി മുന്നില്‍ പതിയുന്ന പിന്‍കാലുകളും പിന്നിലേക്കു ചരിഞ്ഞ മാടക്കൊമ്പും നല്ലകാളകളുടെ ലക്ഷണങ്ങളാണെന്നു തങ്കച്ചന്‍ പറയുന്നു.

ചൂടുവെള്ളവും മുട്ടയും ദശമൂലവും പരുത്തിയും നല്‍കിയാണ് ഓട്ടത്തിനു തയ്യാറാക്കുന്നത്. കാളകളും കാളവണ്ടിയുമായിരുന്നു ഒരുകാലത്ത് തങ്കച്ചന്റെ ലോകം. വണ്ടിപ്പന്തയവും മത്സര മരമടികളും തേടിയലഞ്ഞിരുന്നു. മൂവാറ്റുപുഴ കാക്കൂര്‍ മരമടിയില്‍ 40 വര്‍ഷം തുടര്‍ച്ചയായി സമ്മാനങ്ങള്‍ നേടി. കുണ്ടറ, പള്ളിക്കല്‍, വര്‍ക്കല, അരിയൂര്‍, ചാത്തന്നൂര്‍ കുളക്കട, ഓയൂര്‍, ഓടനാവട്ടം കരുനാഗപ്പള്ളി, പോരേടം തുടങ്ങി ജില്ലയിലെവിടയും മാത്രമല്ല തിരുവനന്തപുരത്തും ഇടുക്കിയിലും വരെ തങ്കച്ചന്‍ കാളകളുമായി ഓടാനെത്തിയിട്ടുണ്ട്.

കയറിട്ടടി, കയറില്ലാത്തടി, സ്​പീഡ്, ചാമ്പ്യന്‍ തുടങ്ങി ഏതിനങ്ങളിലും തങ്കച്ചനും കാളകളും ഹാജരാണ്. കാളകളുടെ ഭക്ഷണകാര്യമെല്ലാം നോക്കുന്നത് അന്നമ്മയാണ്. കാളകളെ മെരുക്കുന്ന ജോലി മകന്‍ ജോസാണ് നടത്തിയിരുന്നത്. ചെളിക്കളത്തിലെ മത്സരാവേശത്തോടൊപ്പം സിനിമ കമ്പവും തങ്കച്ചനില്‍ നിറഞ്ഞിരുന്ന കാലമുണ്ടായിരുന്നു. അക്കരപ്പച്ച, ആനവളര്‍ത്തിയ വാനമ്പാടി മകന്‍ എന്നീ സിനിമകളില്‍ തങ്കച്ചന്‍ മുഖം കാണിച്ചിട്ടുണ്ട്.

കൊല്ലം വിജയകുമാറിന്റെ നൃത്തനാടക സംഘത്തിലും അംഗമായിരുന്നു. പ്രായം എഴുപതിലെത്തിയിട്ടും ചെളിക്കണ്ടത്തില്‍ കാളകളോടൊപ്പമുള്ള കരുത്തിന്റെ മത്സരം തന്നെയാണ് തനിക്ക് പഥ്യമെന്നു തങ്കച്ചന്‍ വിളിച്ചുപറയുന്നു. മരമടിയുടെ ആരവവും ആവേശവും അധികൃതര്‍ മനസ്സിലാക്കണമെന്നും തങ്കച്ചന്‍ പറയുന്നു. ഈ ആവേശത്തിന്റെ ഇരമ്പലിനു മാത്രമേ നാടിനെ വീണ്ടും കാര്‍ഷികസമൃദ്ധയിലേക്കു നയിക്കാന്‍ കഴിയൂ എന്നും തങ്കച്ചന്‍ വിശ്വസിക്കുന്നു.