കൊട്ടാരക്കര: കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ ലോകത്തിനുമുന്നില്‍ കേരളത്തിന്റെ പ്രതിച്ഛായ തകര്‍ന്നെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. ജനരക്ഷായാത്രയുടെ ഭാഗമായി കൊട്ടാരക്കരയില്‍ നടത്തിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗോവയുമായി പലകാര്യത്തിലും കേരളത്തിനു സാമ്യമുണ്ട്. ഗോവ ബി.ജെ.പി.യും കേരളം സി.പി.എമ്മും ഭരിക്കുന്നുവെന്നതാണ് ഏക വ്യത്യാസം. ഭീതിയിലും ഭയപ്പാടിലുമാണ് ഇവിടെ ജനങ്ങള്‍. സുരക്ഷാഭടന്മാരില്ലാതെ നേതാക്കള്‍ക്കുപോലും സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഗോവയില്‍ തനിക്ക് സഞ്ചരിക്കാന്‍ സുരക്ഷാഭടന്മാരുടെ ആവശ്യമില്ല. അക്രമങ്ങള്‍ അവസാനിപ്പിച്ച് കേരളത്തെ ദേവഭൂമിയാക്കി മാറ്റാന്‍ പരിശ്രമിക്കണം. ഭക്ഷണത്തിലും ഭൂപ്രകൃതിയിലും വിദ്യാഭ്യാസ പുരോഗതിയിലും എല്ലാം സാമ്യമുള്ള ഗോവയ്ക്കു മാറാമെങ്കില്‍ കേരളത്തിനും മാറാം.

വിദേശികളായ ഇന്ത്യക്കാര്‍ ഇപ്പോള്‍ അഭിമാനത്തോടെയാണ് തങ്ങളുടെ നാടിനെക്കുറിച്ചു പറയുന്നത്. മോദി സര്‍ക്കാരിന്റെ ഭരണം സമസ്ത മേഖലയിലും വിജയമാണ്. സാമ്പത്തിക സുരക്ഷയും ദേശീയ സുരക്ഷയും കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തി. റോഡ് വികസനം പ്രതിദിനം രണ്ടര കിലോമീറ്ററില്‍നിന്ന് 30 കിലോമീറ്ററായി മാറി. ഇനി അത് അമ്പത് കിലോമീറ്ററായി ഉയരും.

രാജ്യത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെട്ടതിന്റെ വലിയ ഉദാഹരണമാണ് ഡോക്ലാമില്‍ ചൈനയുമായുള്ള തര്‍ക്കത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാട്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത് സൈന്യമാണെങ്കിലും നയപരമായും രാഷ്ട്രീയപരമായുമുള്ള തീരുമാനമെടുത്തത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ പ്രസംഗം പരിഭാഷപ്പെടുത്തി. നിയോജകമണ്ഡലം പ്രസിഡന്റ് കരീപ്ര സി.വിജയകുമാര്‍ ആധ്യക്ഷ്യം വഹിച്ചു.