കൊല്ലം: കുത്തകകളെ പ്രീണിപ്പിക്കുകയും അവര്‍ക്ക് നേട്ടങ്ങളുണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നതില്‍ നരേന്ദ്രമോദിക്കും പിണറായി വിജയനും ഒരേനയമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. കോര്‍പ്പറേറ്റ് പ്രീണനമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് കേരളത്തിലും നടപ്പാക്കപ്പെടുന്നു.

എസ്.ആര്‍.ഇ.എസ്. (ഐ.എന്‍.ടി.യു.സി.) ഡിവിഷണല്‍ സമ്മേളനം റെയില്‍വേ കമ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ധന വിലവര്‍ധനയടക്കമുള്ള പ്രവര്‍ത്തനങ്ങളിലൂടെ റിലയന്‍സ് പോലുള്ള കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കിനല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍. കോവളം കൊട്ടാരവും ഭൂമിയും സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതിലൂടെയും ടാറ്റാ, ഹാരിസണ്‍ പോലുള്ള കമ്പനികളുടെ കൈയേറ്റങ്ങള്‍ വീണ്ടെടുക്കാതെയും കുത്തകകളെ സഹായിക്കുന്നതില്‍നിന്ന് പിന്നോട്ടല്ല സംസ്ഥാന സര്‍ക്കാറും.

രാജമാണിക്യം റിപ്പോര്‍ട്ട് പരിഗണിക്കാതെ സര്‍ക്കാര്‍ കൈയേറ്റക്കാര്‍ക്കൊപ്പമാണ്. തോമസ് ചാണ്ടിയെയും പി.വി.അന്‍വറിനെയും പോലുള്ളവരുടെ നിയമലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു.

ഭ്രാന്തമായ സ്വകാര്യവത്കരണ നയം തുടരുന്ന കേന്ദ്രസര്‍ക്കാര്‍ റെയില്‍വേയെ സ്വകാര്യവത്കരിക്കാന്‍ എല്ലാശ്രമവും നടത്തുന്നു. ടൂറിസത്തിന്റെ മറവില്‍ ട്രെയിനുകള്‍ സ്വകാര്യമേഖലയ്ക്ക് നല്‍കാനുള്ള നടപടികള്‍ ഇതിന്റെ ഭാഗമാണ്. റെയില്‍വേ ബജറ്റ് തന്നെ നിര്‍ത്തലാക്കി. നിലവിലുള്ള ഒഴിവുകള്‍ നികത്താത്തതും നിലവിലെ ജീവനക്കാരെ കുറയ്ക്കുന്നതും സ്വകാര്യവത്കരണം ലക്ഷ്യമിട്ടാണെന്നും സുധീരന്‍ പറഞ്ഞു.

മികച്ച പാര്‍ലമെന്‍േററിയനുള്ള അവാര്‍ഡ് നേടിയ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി.യെ ചടങ്ങില്‍ ആദരിച്ചു. ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.ആര്‍.ഇ.എസ്. ഡിവിഷണല്‍ പ്രസിഡന്റ് എന്‍.ചന്ദ്രലാല്‍ അധ്യക്ഷത വഹിച്ചു. എസ്.ആര്‍.ഇ.എസ്. ജനറല്‍ സെക്രട്ടറി പി.എസ്.സൂര്യപ്രകാശം, വര്‍ക്കിങ് പ്രസിഡന്റ് എം.ബാലകൃഷ്ണന്‍, ഡി.സി.സി. വൈസ് പ്രസിഡന്റ് സൂരജ് രവി, സൂര്യപ്രകാശ്, സായിഭാസ്‌കര്‍, കാഞ്ഞിരവിള അജയകുമാര്‍, എസ്.രാജന്‍, ജി.എം.സജീവ് എന്നിവര്‍ സംസാരിച്ചു.