ചവറ: നാല്പത്തിയേഴുനാള്‍ നീണ്ട നിരോധനത്തിനുശേഷം പ്രതീക്ഷയും ആവേശവും നിറച്ച ട്രോളിങ് ദിനം മത്സ്യമേഖലയ്ക്ക് നിരാശയുടേതായി. ചില ബോട്ടുകള്‍ക്ക് കരിക്കാടി ലഭിച്ചെങ്കിലും മത്സ്യമേഖലയ്ക്ക് ആദ്യദിനം കാര്യമായ പ്രതീക്ഷ നല്‍കിയില്ല. നിരോധനം കഴിഞ്ഞ് ആദ്യമായി ഹാര്‍ബറില്‍ എത്തിയ ബോട്ടിന് ലഭിച്ചത് 15,000 രൂപയാണ്. പിന്നീടെത്തിയ വിരലിലെണ്ണാവുന്ന ബോട്ടുകള്‍ക്ക് 50,000 മുതല്‍ ഒരുലക്ഷം രൂപവരെ ലഭ്യമായി. എന്നാല്‍ ഏറെ ബോട്ടുകള്‍ക്കും 25,000ത്തിനും 40,000ത്തിനും ഇടയ്ക്കുള്ള തുകയാണ് ലഭിച്ചത്. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത് മത്സ്യം ലഭിച്ചില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

നീണ്ടകര-ശക്തികുളങ്ങര ഹാര്‍ബറുകളില്‍ രാവിലെ എത്തിയ ബോട്ടുകള്‍ക്ക് ഒരുകുട്ട കരിക്കാടിക്ക് 5,000 മുതല്‍ 6,200 രൂപവരെ ലഭിച്ചിരുന്നു. എന്നാല്‍ ഉച്ചയോടെ ഇത് 2,500നും 3,500നും ഇടയിലായി. ചെറുതും വലുതുമായ മിക്ക ബോട്ടുകള്‍ക്കും അഞ്ചുമുതല്‍ പത്ത് കുട്ടവരെ കരിക്കാടി ലഭിച്ചു. എന്നാല്‍ ചില്ലറ വില്പനക്കാരെ ആദ്യദിനം നിരാശരാക്കി. അവര്‍ക്കാവശ്യമായ മീനുകള്‍ ബോട്ടുകള്‍ക്ക് ലഭിച്ചില്ല. കഴുന്തന്‍, കിളിമീന്‍, ഉലുവ, ഞണ്ട്, നങ്ക് എന്നിവ ചില ബോട്ടുകള്‍ക്ക് ലഭിച്ചെങ്കിലും ഭൂരിഭാഗം ബോട്ടുകള്‍ക്കും ഇവ പേരിനുമാത്രമാണ് ലഭിച്ചത്. ഇതുകാരണം ചില്ലറ വില്പനക്കാരില്‍ പലരും മത്സ്യം വാങ്ങാതെ തിരികെ പോയി. മത്സ്യത്തിന്റെ വില കുറയ്ക്കുന്നത് ചില ഇടനിലക്കാരാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

ബോട്ടുകള്‍ക്ക് ഒരുദിവസം മത്സ്യബന്ധനത്തിനായി കടലില്‍ പോകണമെങ്കില്‍ 30,000നും 50,000നും ഇടയില്‍ പണം ചെലവാകുന്നു. എന്നാല്‍ വില കുറഞ്ഞതോടെയാണ് കമ്പനിക്കാരില്‍ ചിലര്‍ കരിക്കാടി വാങ്ങിത്തുടങ്ങിയത്. പല ബോട്ടുകളും കായംകുളം വര്‍ക്കല ഭാഗങ്ങളില്‍ പോയാണ് മത്സ്യബന്ധനം നടത്തിയത്. നീണ്ടകരയില്‍നിന്ന് 12 നോട്ടിക്കല്‍ മൈല്‍ ദൂരെ മത്സ്യബന്ധനം നടത്തുന്നവരുമുണ്ട്.