കൊല്ലം: പരീക്ഷയ്ക്ക് തോല്‍ക്കുമെന്ന് രക്ഷിതാക്കള്‍വരെ ഉറപ്പിച്ചിരുന്ന വിദ്യാര്‍ഥികള്‍. ഇവരെ മികച്ച മാര്‍ക്കോടെ എസ്.എസ്.എല്‍.സി. പരീക്ഷ വിജയിപ്പിച്ചാണ് തിരുമുല്ലവാരം കുന്നേല്‍മുക്കിലെ അപൂര്‍വ കൂട്ടായ്മ നൂറില്‍ നൂറ് മാര്‍ക്ക് നേടുന്നത്. ഡോ. എ.പി.ജെ.അബ്ദുള്‍ കലാം സ്മാരക ഗ്രന്ഥശാലയുടെ ഭാഗമായുള്ള കൂട്ടായ്മയാണ് സൗജന്യമായി പ്രത്യേക ട്യൂഷന്‍ ക്ലാസ്സുകള്‍ നല്‍കി 17 വിദ്യാര്‍ഥികളെ വിജയിപ്പിച്ചത്.
 
ക്ലാസ് നല്‍കിയ എല്ലാ വിദ്യാര്‍ഥികളും പരീക്ഷയ്ക്ക് ജയിച്ചു. മിക്ക പരീക്ഷകളിലും അഞ്ചും ആറും മാര്‍ക്കിനപ്പുറം വാങ്ങിയിട്ടില്ലാത്ത വിദ്യാര്‍ഥികളെ സമീപത്തുള്ള സ്‌കൂളുകള്‍ സന്ദര്‍ശിച്ചാണ് കണ്ടെത്തിയത്. ക്ലാസ്സിന് എത്താതിരുന്നവരെ വീടുകളിലും കളിസ്ഥലത്തുംനിന്നുമെല്ലാം വിളിച്ചുകൊണ്ടുവന്ന് ക്ലാസ്സിലിരുത്തി. സമീപത്തെ സ്‌കൂളുകളിലെ അധ്യാപകരുടെയും സുഹൃത്തുക്കളുടെയുമൊക്കെ അകമഴിഞ്ഞ സഹായമായെത്തി. ക്ലാസ് കൈകാര്യം ചെയ്യാനും മികച്ച അധ്യാപകരെത്തന്നെ കിട്ടി.

തങ്ങളുടെ പരിശ്രമങ്ങള്‍ ഫലം കണ്ടതിന്റെ സന്തോഷത്തില്‍ അടുത്ത ബാച്ച് കുട്ടികള്‍ക്കായി ക്ലാസ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ് അംഗങ്ങള്‍. ലൈബ്രറി സെക്രട്ടറി എസ്.മുരളീധരനാണ് ആദ്യമായി ഇത്തരം ഒരു ആശയം തോന്നിയത്. സുഹൃത്തുക്കളും അവരുടെ സുഹൃത്തുക്കളും ഒപ്പം കൂടി.
കൂട്ടത്തിലുള്ള വിരമിച്ച അധ്യാപകര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. മുരളീധരന്റെ 'പുണര്‍തം' വീട്ടുമുറ്റത്ത് കുറച്ച് സ്ഥലം കണ്ടെത്തി ലൈബ്രറിയും ആരംഭിച്ചു. പലരില്‍നിന്ന് സംഭാവനയായി കിട്ടിയ പുസ്തകങ്ങള്‍കൊണ്ടുതന്നെ ലൈബ്രറി നിറഞ്ഞു.

ലൈബ്രറി പ്രസിഡന്റ് പി.ജയചന്ദ്രന്‍, വൈസ് പ്രസിഡന്റ് എസ്.ശ്രീകുമാരി, ജോയിന്റ് സെക്രട്ടറി സി.തങ്കമണി, ട്രഷറര്‍ യശോധര അമ്മ, ആനേപ്പില്‍ ഗംഗാധരന്‍, പദ്മകുമാര്‍, എസ്.ലെനിന്‍, സുനിതകുമാരി പിള്ള തുടങ്ങിയവരുടെ പരിശ്രമഫലമാണ് വിജയം.
ഈ വര്‍ഷത്തെ പത്താം ക്ലാസ്സുകാര്‍ക്കുള്ള പരിശീലന ക്ലാസ്സുകള്‍ 23ന് ആരംഭിക്കും. പദ്മകുമാറിന്റെ ജി.പി.കണ്‍സ്ട്രക്ഷന്‍ എന്ന ഓഫീസ് കെട്ടിടത്തിലാണ് ക്ലാസ് നടക്കുക. അറിവിന്റെയും വായനയുടെയും പ്രകാശം എല്ലാ കുട്ടികളിലും എത്തണമെന്ന ആഗ്രഹം മാത്രമാണ് കൂട്ടായ്മയ്ക്കുള്ളതെന്ന് ഇവര്‍ പറയുന്നു.