കൊല്ലം: കായല്‍-ഇക്കോ ടൂറിസം മേഖലകളില്‍ കേരളം വലിയ കുതിപ്പിന് തയ്യാറെടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യാന്തര പ്രശസ്തി നേടിയ ജലോത്സവങ്ങളെ രാജ്യാന്തര വിനോദരൂപമായി ഉയര്‍ത്തിക്കാട്ടാനാകണം. ഇത്തരം മേളകള്‍ വിദേശികളിലേക്കെത്തിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുകയാണ്. അഷ്ടമുടിക്കായലില്‍ പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

നാനാജാതി മതസ്ഥര്‍ ഒരേമനസ്സോടെ പങ്കെടുക്കുന്ന ഇത്തരം മേളകള്‍ രാജ്യത്തിനാകെ മാതൃകയാണ്. കായലുകളെയും ജലാശയങ്ങളെയും നദികളെയും സംരക്ഷിക്കാന്‍ ഹരിതകേരളം പദ്ധതി നടപ്പാക്കി. ജലാശയങ്ങള്‍ സംരക്ഷിക്കുന്നതിന് ജനങ്ങള്‍ മുന്‍കൈയെടുക്കണം. ഈ മേളയ്ക്കാവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും അഷ്ടമുടി സംരക്ഷണത്തിന് പ്രത്യേക പദ്ധതികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വള്ളംകളി കാണുന്നതിനായി ഇവിടെ നിര്‍മിച്ച സ്ഥിരം പവിലിയന്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാടിന് സമര്‍പ്പിച്ചു. തുടര്‍ന്ന് സംസാരിച്ച ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ അഷ്ടമുടിയുടെ സംരക്ഷണമാണ് ഈ ജലോത്സവം നല്‍കുന്ന ഏറ്റവും വലിയ സന്ദേശമെന്ന് പറഞ്ഞു.

എം.പി.മാരായ കെ.സോമപ്രസാദ്, എന്‍.കെ.പ്രേമചന്ദ്രന്‍, എം.എല്‍.എ.മാരായ എം.മുകേഷ്, എം.നൗഷാദ്, മേയര്‍ വി.രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ശിവശങ്കരപ്പിള്ള, മുന്‍ എം.പി. കെ.എന്‍.ബാലഗോപാല്‍, കളക്ടര്‍ ഡോ. എസ്.കാര്‍ത്തികേയന്‍, സിറ്റി പോലീസ് കമ്മിഷണര്‍ അജിതാബീഗം തുടങ്ങിയവര്‍ പങ്കെടുത്തു. എം.മുകേഷ് എം.എല്‍.എ.യും മേയര്‍ വി.രാജേന്ദ്രബാബുവും ചേര്‍ന്ന് മുഖ്യമന്ത്രിക്ക് ആറന്മുള കണ്ണാടി സമ്മാനിച്ചു.