കൊല്ലം: യുവനടിയെ ആക്രമിച്ച കേസില്‍ തെളിവെടുപ്പ് നടത്തേണ്ടത് എം.മുകേഷ് എം.എല്‍.എ.യുടെ വസതിയിലാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. ക്രിമിനലുകളെ സംരക്ഷിച്ച എം.എല്‍.എ. മാരായ എം.മുകേഷും കെ.ബി.ഗണേഷ്‌കുമാറും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും ഇടതുമുന്നണി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കൊല്ലം താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു തിരുവഞ്ചൂര്‍.

ജനങ്ങള്‍ക്ക് സംരക്ഷകരാകേണ്ട മുഖ്യമന്ത്രിയും ജനപ്രതിനിധികളും സംസ്ഥാനത്തെ ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. നടിയുടെ കേസില്‍ ഗൂഢാലോചനയില്ലെന്ന് കേസ് ഉണ്ടായതിന്റെ മൂന്നാംദിവസം പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് ഒടുവില്‍ ഗത്യന്തരമില്ലാതെ തിരുത്തേണ്ടിവന്നു. കള്ളപ്പണത്തിന്റെ നിക്ഷേപകേന്ദ്രമായി മാറ്റിയ മലയാള സിനിമാ മേഖലയിലെ വമ്പന്മാരെക്കുറിച്ച് കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിന് വിവരങ്ങള്‍ കൈമാറാന്‍ കേരള സര്‍ക്കാരിന് കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡി.സി.സി. പ്രസിഡന്റ് ബിന്ദുകൃഷ്ണ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍, ഡി.സി.സി. മുന്‍ പ്രസിഡന്റുമാരായ കെ.സി.രാജന്‍, ജി.പ്രതാപവര്‍മ തമ്പാന്‍, കെ.പി.സി.സി. സെക്രട്ടറിമാരായ എ.ഷാനവാസ്ഖാന്‍, ജി.രതികുമാര്‍, എ.എം.നസീര്‍, എ.ഹിദുര്‍മുഹമ്മദ്, ഡി.സി.സി. വൈസ് പ്രസിഡന്റുമാരായ പി.ജര്‍മിയാസ്, ചിറ്റുമൂല നാസര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചിന്നക്കട റെസ്റ്റ് ഹൗസിന് മുന്നില്‍നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. പ്രകടനത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസുമായി ചെറിയ സംഘര്‍ഷമുണ്ടായി.