കൊല്ലം: സാന്ത്വനപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാനും സഹായങ്ങള്‍ എത്തിച്ചുകൊടുക്കാനും ഒരുപാടുപേര്‍ മുന്നോട്ടുവരുന്നത് ആവേശകരവും ആശാവഹവുമാണെന്ന് നടന്‍ മധു പറഞ്ഞു. കൊല്ലം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ട്രസ്റ്റിന്റെ പത്താംവാര്‍ഷികവും ഓണാഘോഷ പരിപാടികളും സോപാനം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മറ്റുള്ളവരെ സഹായിക്കുന്നതില്‍പ്പരം പുണ്യം മറ്റൊന്നില്ല. സ്വന്തം കാര്യങ്ങള്‍ ത്യജിച്ചുകൊണ്ട് മറ്റുള്ളവരെ സഹായിക്കാന്‍ എല്ലാവര്‍ക്കും കഴിയില്ല. എങ്കിലും പല മേഖലയിലും പെട്ട സാധാരണക്കാര്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നുണ്ട്-മധു പറഞ്ഞു.

മികച്ച പാര്‍ലമെന്റേറിയനായി തിരഞ്ഞെടുക്കപ്പെട്ട എന്‍.കെ.പ്രേമചന്ദ്രന്‍, ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം നേടിയ എന്‍.ആര്‍.സിന്ധു (മലബാര്‍ കാന്‍സര്‍ സെന്റര്‍, തലശ്ശേരി), അഹമ്മദ് ഖാഫി (ലക്ഷദ്വീപ്), ജീവകാരുണ്യപ്രവര്‍ത്തകനും കൊല്ലം നഗരത്തിലെ ഓട്ടോ ഡ്രൈവറുമായ കെ.ഹരിപ്രസാദ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. നാരായണന്‍ പുതുക്കുടി, ഡോ. കമലാസനന്‍, എന്‍.എന്‍.പിള്ള, ഡോ. പ്രവീണ്‍ ജി.പൈ, സുരേഷ് എന്നിവര്‍ സംസാരിച്ചു.