കൊല്ലം: കേന്ദ്ര ബജറ്റ് ഊര്‍ജമേഖലയ്ക്ക് നിരാശയാണ് നല്‍കിയതെന്ന് വൈദ്യുത സാമ്പത്തിക വിദഗ്ധ ഡോ. ഡി.ഷൈന അഭിപ്രായപ്പെട്ടു. വ്യവസായികള്‍ക്കെങ്കിലും പ്രിയങ്കരമാകുന്ന നിര്‍ദേശങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.
2018 മെയ് ഒന്നിന് മുമ്പ് ഇന്ത്യയിലെ മുഴുവന്‍ ഗ്രാമങ്ങളും വൈദ്യുതീകരിക്കുമെന്നതാണ് ഊര്‍ജമേഖലയിലെ പ്രധാന പ്രഖ്യാപനം. ഇതിനായി ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമജ്യോതി യോജനയിലും സംയോജിത ഊര്‍ജ വികസന പദ്ധതികളിലുമായി 8,500 കോടി രൂപ നീക്കിവച്ചു. ഇനിയും വൈദ്യുതോത്പാദനത്തില്‍ വന്‍ വളര്‍ച്ച ആവശ്യമാണെന്ന് പറഞ്ഞ മന്ത്രി, ആണവ നിലയങ്ങള്‍ക്കായുള്ള 3,000 കോടി രൂപ മാത്രമാണ് ബജറ്റില്‍ നീക്കിവച്ചത്. മറ്റൊരു അടിസ്ഥാന സൗകര്യമായ ഗതാഗതത്തിന് 2,18,000 കോടി രൂപ മാറ്റിവച്ചപ്പോഴാണ് വൈദ്യുതി മേഖലയ്ക്ക് വെറും പതിനായിരം കോടി രൂപ നീക്കിവച്ചത്.
ഉത്പാദന പ്രസരണമേഖലയിലെ വളര്‍ച്ചയില്‍ ഊറ്റംകൊണ്ട ധനമന്ത്രി, ഊര്‍ജമേഖലയിലെ പ്രശ്‌നങ്ങളില്‍ സ്​പര്‍ശിക്കുകയോ പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയോ ചെയ്തില്ല. കൊല്ലം എസ്.എന്‍. ലോ കോളേജിലെ പ്രൊഫസറാണ് ഡോ. ഷൈന.