കൊല്ലം: എ.പി. കളയ്ക്കാട് ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് ടി.ഡി.രാമകൃഷ്ണന്റെ 'സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി'അര്‍ഹമായി. പുരസ്‌കാരം ഏട്ടിന് പെരുമ്പുഴ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് പ്രൊഫ. വി.എന്‍.മുരളി പത്രസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ നാലുവര്‍ഷത്തെ നോവലുകള്‍ പരിഗണിച്ചതില്‍നിന്നാണ് പുരസ്‌കാരം. പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
എ.പി. കളയ്ക്കാടിന്റെ ആശയങ്ങളും ആദര്‍ശങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം സാമൂഹികതിന്മകളോട് പൊരുതാനുമുള്ള ലക്ഷ്യമാണ് ട്രസ്റ്റ് മുന്നോട്ടുവയ്ക്കുന്നതെന്ന് പ്രൊഫ. വി.എന്‍.മുരളി പറഞ്ഞു.
ട്രസ്റ്റ് ഭാരവാഹികള്‍: പ്രൊഫ. വി.എന്‍.മുരളി (പ്രസി.), ചവറ കെ.എസ്.പിള്ള, എ.ഗോകുലേന്ദ്രന്‍ (വൈസ് പ്രസി.), പ്രൊഫ. എം.കരുണാകരന്‍ (സെക്ര.), പ്രൊഫ. ജി.ശ്രീനിവാസന്‍, ഡോ. സി.ഉണ്ണിക്കൃഷ്ണന്‍ (ജെ. സെക്ര.), പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള (ട്രഷ.).
പത്രസമ്മേളനത്തില്‍ പ്രൊഫ. എം.കരുണാകരന്‍, അഡ്വ. സുരേഷ് കുമാര്‍, ഡോ. സി.ഉണ്ണിക്കൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.