കൊല്ലം : എത്ര വേഗമേറിയ പന്തിനെയും ഗാലറിയിലേക്ക് നിഷ്പ്രയാസം പറപ്പിക്കുന്ന കരീബിയന്‍ റണ്‍ വേട്ടക്കാരന്‍ ക്രിസ് ഗെയില്‍ അഷ്ടമുടിക്കായലിലെ കരിമീന്റെ രുചിക്കുമുന്നില്‍ ക്ലീന്‍ ബൗള്‍ഡായി. ഐ.പി.എല്‍. ഇടവേളയ്ക്കിടെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ കൊല്ലത്തെത്തിയ ഗെയിലും കുടുംബവും കേരളത്തിന്റെ തനത് രുചിക്കുമുന്നില്‍ ബാറ്റ്‌ െവച്ച് കീഴടങ്ങിയപോലെയാണ്.

ഞായറാഴ്ച ഉച്ചയോടെയാണ് ഗെയിലും കുടുംബവും കൊല്ലത്തെ ഹോട്ടല്‍ റാവിസിലെത്തിയത്. റാവിസില്‍ നടക്കുന്ന നാടന്‍ഭക്ഷണ മേളയിലെത്തിയാണ് ഗെയില്‍ കിണ്ണത്തപ്പവും കരിമീന്‍ ഫ്രൈയും കഴിച്ചത്. തനി നാടന്‍വിഭവങ്ങള്‍ മാത്രമുള്ള മെനുവാണ് റാവിസില്‍ ഗെയിലിനായി ഒരുക്കിയിരിക്കുന്നത്. പ്രഭാതഭക്ഷണം കഴിഞ്ഞ് അല്‍പ്പം വിശ്രമിച്ചശേഷം കുടുബാംഗങ്ങള്‍ക്കൊപ്പം കായല്‍സവാരിക്കിറങ്ങി.
 
അഷ്ടമുടിക്കായലില്‍ ഗെയിലെറിഞ്ഞ ചൂണ്ടയില്‍ സ്വയമ്പന്‍ കരിമീനുകളും കുടുങ്ങി. മടങ്ങിയെത്തിയപ്പോള്‍ തയ്യാറായിരുന്ന ചക്കപ്പുഴുക്കും കരിമീന്‍ മുളകിട്ടുെവച്ചതും നന്നേ ബോധിച്ചു. ഭാര്യയും മകനും ഭാര്യാമാതാവും ഗെയിലിനൊപ്പമുണ്ട്. ഈമാസം മൂന്നുവരെ അദ്ദേഹം കൊല്ലത്തുണ്ടാകും. അതിനുശേഷം ഐ.പി.എല്‍. ടീമായ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പരിശീലനസംഘത്തിനൊപ്പം ചേരും.