കൊല്ലം: ജില്ലാപഞ്ചായത്തിന്റെ സാരഥ്യമൊഴിഞ്ഞ കെ.ജഗദമ്മയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരം. ഭരണരംഗത്തെ മികവിനുള്ള റാണി ലക്ഷ്മിഭായി അവാര്‍ഡാണ് അവര്‍ക്ക് ലഭിച്ചത്.

വെളിയം പടിഞ്ഞാറ്റിന്‍കരയിലെ കര്‍ഷകകുടുംബമായ ഇടയിലഴികത്തുവീട്ടില്‍ ജി.കുമാരന്റെയും മീനാക്ഷിയുടെയും മകളാണ് ജഗദമ്മ. കമ്മ്യൂണിസ്റ്റായ അച്ഛന്‍ ഒളിവില്‍ കഴിയുന്ന അനേകം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അഭയം നല്‍കിയിട്ടുണ്ട്.

സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായിരുന്ന വെളിയം ഭാര്‍ഗവന്‍ അച്ഛന്റെ അമ്മാവന്റെ മകനായിരുന്നു. ഇംഗ്ലീഷ് ഭാഷയില്‍ ബിരുദാനന്തരബിരുദവും ബി.എഡും പാസായി. പെരിന്തല്‍മണ്ണ ഗവ. കോളേജിലും തലശ്ശേരി ബ്രണ്ണന്‍ കോളേജിലും സേവനമനുഷ്ഠിച്ചു. വെളിയം ടി.വി.ടി.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രഥമാധ്യാപികയായി വിരമിച്ചു.

87-ല്‍ വെളിയം ഗ്രാമപ്പഞ്ചായത്തംഗം. അഞ്ചുവര്‍ഷം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ്, രണ്ടേകാല്‍ വര്‍ഷം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സി.പി.ഐ. ജില്ലാ കൗണ്‍സിലംഗവും മഹിളാസംഘം ജില്ലാ വൈസ് പ്രസിഡന്റുമാണ്. ജില്ലാപഞ്ചായത്തിന്റെ സാരഥിയായിരിക്കെ രണ്ടുതവണ കൊല്ലം ജില്ലാപഞ്ചായത്തിനായിരുന്നു ദേശീയ പുരസ്‌കാരം.

പ്രഥമ രാജീവ്ഗാന്ധി സശാക്തീകരണ്‍ പുരസ്‌കാരവും ജില്ലാപഞ്ചായത്തിന് ലഭിച്ചു. ആരോഗ്യകേരള പുരസ്‌കാരം ഇക്കാലയളവില്‍ മൂന്നുതവണ നേടാന്‍ കഴിഞ്ഞു. ബി.എസ്.എന്‍.എല്ലില്‍നിന്ന് വിരമിച്ച ജൂനിയര്‍ ടെലികോം ഓഫീസര്‍ ഗോപാലകൃഷ്ണനാണ് ഭര്‍ത്താവ്. ഡോ. ഹരിപ്രിയ(ആയുഷ്, കൊല്ലം), ഹരികൃഷ്ണന്‍ എന്നിവര്‍ മക്കളാണ്. മരുമകന്‍: ഡോ. അനൂപ് രാജ്(പുത്തൂര്‍ ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളേജ് അധ്യാപകന്‍).