കൊട്ടിയം: ഭക്ഷ്യോത്പാദനം കുറയുന്നത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയേയും പരിസ്ഥിതിയേയും മനുഷ്യന്റെ മാനസികഘടനയേയും സാംസ്‌കാരികബോധത്തെയും പ്രതിലോമകരമായി ബാധിക്കുമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. 

ഉമയനല്ലൂര്‍ സമൃദ്ധി സ്വാശ്രയ കര്‍ഷകസമിതിയുടെ വാര്‍ഷികാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. രണ്ടായിരാമാണ്ടിന്റെ തുടക്കത്തില്‍ 10 ലക്ഷം ഹെക്ടറില്‍ നെല്‍ക്കൃഷിയുണ്ടായിരുന്ന കേരളത്തില്‍ 2010 പിന്നിടുമ്പോള്‍ കേവലം 2.5 ഹെക്ടറിലേക്ക് ചുരുങ്ങിയത് കാര്‍ഷികരംഗത്തുനിന്നുള്ള പിന്‍മാറ്റത്തിന്റെ ശക്തമായ സൂചനയാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ജില്ലാപഞ്ചായത്തംഗം എസ്.ഫത്തഹുദീന്‍ അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ എം.നാസര്‍, മായ, പന്നിമണ്‍ രാജേന്ദ്രന്‍, ആര്‍.രാജീവ്, കെ.രവികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 

വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന കാര്‍ഷിക പരിശീലന ക്ലാസ് കൃഷി ഓഫീസര്‍ രജീന ജേക്കബ് നയിച്ചു. കൃഷി നടത്താന്‍ ഭൂമി വിട്ടുനല്‍കിയവരെ ചടങ്ങില്‍ ആദരിച്ചു.