ഇരവിപുരം: സമാധാനത്തിന്റെ കേന്ദ്രങ്ങളാണ് മസ്ജിദുകളെന്നും അറിവുകള്‍ സമ്പാദിക്കാന്‍ മസ്ജിദുകള്‍ ആവശ്യമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

കൊല്ലൂര്‍വിള പള്ളിമുക്ക് തോപ്പുവയലില്‍ പുതുതായി നിര്‍മിച്ച നമസ്‌കാരപള്ളിയായ മസ്ജിദുന്നൂറിന്റെ ഉദ്ഘാടനവും വഖഫ് പ്രഖ്യാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാധാനത്തിന്റെ മതമാണ് ഇസ്ലാം. നീചമായ കാര്യങ്ങളില്‍നിന്ന് മനുഷ്യനെ ഒഴിവാക്കാന്‍ മസ്ജിദുകള്‍ വഹിക്കുന്ന പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലൂര്‍വിള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എ.യൂനുസ്‌കുഞ്ഞ് അധ്യക്ഷത വഹിച്ചു. ഇ.പി.അബൂബക്കര്‍ അല്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തി.

വി.കെ.ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ., കേരള ജമാഅത്ത് ഫെഡറേഷന്‍ പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അന്‍സാറുദ്ദീന്‍, ജനറല്‍ സെക്രട്ടറി നൗഷാദ് യൂനുസ്, കൊല്ലൂര്‍വിള മുസ്ലിം ജമാഅത്ത് ഇമാം മുഹമ്മദ് മന്‍സൂര്‍ ഹുദവി, സുല്‍ഫിക്കര്‍ സലാം, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സലിം, എന്‍.കെ.അബ്ദുല്‍റസാക്ക് മുസലിയാര്‍, അബ്ദുല്‍റസാക്ക് രാജധാനി, ഇ.എം.ഇക്ബാല്‍ എന്നിവര്‍ പ്രസംഗിച്ചു.