കൊല്ലം: കൊല്ലം ടൗണ്‍ യു.പി. സ്‌കൂളിലെ ലീഡര്‍ അപര്‍ണയും കൂട്ടുകാരും എത്തിയത് കളക്ടറേറ്റിലെ പതിവുകളില്‍പ്പെടാത്ത ഒരാവശ്യവുമായാണ്. സ്‌കൂളിലെ ക്‌ളാസ് മുറികളില്‍ പുതുതായി തുടങ്ങുന്ന ചെറു ലൈബ്രറികളിലേക്ക് പുസ്തകങ്ങള്‍ സമാഹരിക്കുകയായിരുന്നു അവരുടെ ലക്ഷ്യം.

വിവിധ ഓഫീസുകളില്‍ കയറിയിറങ്ങി ആത്മവിശ്വാസത്തോടെ തങ്ങളുടെ ദൗത്യം വിശദീകരിച്ച കുട്ടികള്‍ക്ക് ലഭിച്ചത് പ്രോത്സാഹനം നല്‍കുന്ന പ്രതികരണങ്ങള്‍. സബ് കളക്ടര്‍ ഡോ. എസ്.ചിത്രയെയാണ് അവര്‍ ആദ്യം സമീപിച്ചത്. പഠനവും മറ്റു സ്‌കൂള്‍ വിശേഷങ്ങളും ചോദിച്ചറിഞ്ഞ സബ് കളക്ടര്‍ പുസ്തകങ്ങള്‍ നല്‍കി സഹകരിക്കാമെന്ന് ഉറപ്പുനല്‍കി. നിരവധി ജീവനക്കാരും അപര്‍ണയ്ക്കും കൂട്ടര്‍ക്കും പിന്തുണയുമായെത്തി.

നല്ലവായന, നല്ലപഠനം, നല്ലജീവിതം എന്ന സന്ദേശവുമായാണ് ക്‌ളാസ് മുറികളില്‍ ലൈബ്രറികള്‍ ഒരുക്കുന്നതെന്ന് പ്രധാനാധ്യാപകന്‍ എസ്.അജയകുമാര്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് സ്‌കുളുകളിലെ മാതൃകാ പ്രവര്‍ത്തനം. പി.ടി.എ. പ്രസിഡന്റ് ജെ.ബിജു, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ വി.രാധാകൃഷ്ണന്‍, അധ്യാപകര്‍ എന്നിവരും കുട്ടികളോടൊപ്പമുണ്ടായിരുന്നു.