കൊല്ലം: വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി കൊല്ലം സിറ്റി പോലീസ്, ചൈല്‍ഡ് ലൈന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, വിദ്യാഭ്യാസവകുപ്പ്, സാമൂഹ്യനീതി വകുപ്പ്, സ്‌കൂള്‍ അധികൃതര്‍, വിദ്യാര്‍ഥി-രക്ഷാകര്‍ത്തൃ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ശക്തിസെല്‍ രൂപവത്കരിച്ചു.

എല്ലാ വിദ്യാലയങ്ങളിലെയും അഞ്ചാം ക്ലാസ്മുതല്‍ 12-ാം ക്ലാസുവരെയുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയുമാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങളോടും പ്രശ്‌നങ്ങളോടും ക്രിയാത്മകമായി പ്രതികരിക്കാനും കുടുംബങ്ങളിലും വിദ്യാഭ്യാസശാലകളിലും ഉണ്ടാകുന്ന പ്രശ്‌നങ്ങളെ നേരിടാനുള്ള മനക്കരുത്ത് നല്‍കുക എന്നതുമാണ് സെല്ലിന്റെ ലക്ഷ്യം.

ഈ പദ്ധതിയുടെ മുഖ്യരക്ഷാധികാരി ജില്ലാകളക്ടറും കണ്‍വീനര്‍ ജില്ലാ പോലീസ് മേധാവിയുമായിരിക്കും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, സാമൂഹ്യനീതി വകുപ്പ് ജില്ലാഓഫീസര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ യൂണിറ്റിന്റെ ജില്ലാഓഫീസര്‍, ചൈല്‍ഡ് ലൈനിലെ ജില്ലാതല ഉദ്യോഗസ്ഥന്‍, പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍, ജില്ലാ ക്രൈം ബ്രാഞ്ച് (നോഡല് ഓഫീസര്‍) എന്നിവരടങ്ങിയ സമിതിയാണ് ജില്ലാതല മോണിറ്ററിങ് സെല്ലില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സ്‌കൂള്‍തലങ്ങളിലെ മുഴുവന്‍ ശക്തിസെല്ലുകളുടെയും മേല്‍നോട്ടം ജില്ലാതല സമിതിക്കായിരിക്കും.