പ​ത്തനാപുരം: തുള്ളിമുറിയാതെ പെയ്യുന്ന മഴ മലയോരമേഖലയില്‍ കനത്തനാശംവിതച്ചു. വീടുകള്‍ക്കു സമീപത്തുകൂടിയും റോഡിലൂടെയും കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍ വ്യാപകമായി കൃഷിനാശവും.
 
തോടുകള്‍ ഗതിമാറിയൊഴുകിയും മഴവെള്ളം ഒഴുകിപ്പോകാനിടമില്ലാതെ കെട്ടിനിന്നും നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. മലയടിവാരവും വയലുകള്‍ നികത്തി നിര്‍മിച്ചവീടുകളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി.

പാടം, മാങ്കോട്, കടശ്ശേരി, പുന്നല മേഖലകളിലാണ് നാശം കൂടുതല്‍. തോട് കരകവിഞ്ഞൊഴുകി കടശ്ശേരി ബിജുകുമാറിന്റെ വീടിന്റെ ചുവരിലെ മണ്ണ് ഒലിച്ചുപോയി വീട് അപകടാവസ്ഥയിലായി.
 
കളിച്ചംകുളം ഷാഹുല്‍ ഹമീദിന്റെ കെട്ടിടവും ഇതേ അവസ്ഥയിലാണ്. പുന്നല ജങ്ഷനിലെ സമിയുടെ കോഴിക്കടയില്‍ വെള്ളംകയറി 20 കോഴികള്‍ ഒലിച്ചുപോയി. മണക്കാട്ടുപുഴ വണ്ടിപ്പുരയില്‍ ഇസ്മയിലിന്റെ മതില്‍ തകര്‍ന്നു.

പാടം രത്‌നഭവനില്‍ സന്തോഷിന്റെ കടയിലെ സാധനങ്ങള്‍ മഴവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി. സുനില്‍ ഭവനില്‍ സുനിലിന്റെ വീടിന്റെ വശം ഇടിഞ്ഞു. താമരശ്ശേരില്‍ പടിഞ്ഞാറ്റതില്‍ വിലാസിനിയുടെ വീടിന്റെ അടുക്കള ഇടിഞ്ഞുവീണു.
 
വടക്കേ ചരുവില്‍ സുരേന്ദ്രന്റെ മതില്‍ ഇടിഞ്ഞു. പത്തനാപുരം-പത്തനംതിട്ട പാതയില്‍ മൂഴിയിലുള്ള ഹോട്ടലില്‍ വെള്ളംകയറി സാധനങ്ങള്‍ നശിച്ചു. തോട് കരകവിഞ്ഞ് റോഡില്‍ പലയിടത്തും വെള്ളക്കെട്ടായത് വാഹനഗതാഗതത്തെ ബാധിച്ചു.

പാറമുരുപ്പേല്‍ മുരളീധരന്‍, ഉതിമൂട്ടില്‍ അഷറഫ്, പുളിമൂട്ടില്‍ ആനന്ദന്‍, കുറിഞ്ഞിയില്‍ സുരേഷ്ബാബു, പുത്തന്‍വീട്ടില്‍ അര്‍ജുനന്‍ പിള്ള, കരുണ്‍വിലാസത്തില്‍ രാജന്‍, പാറയില്‍ കുമാര്‍ഭവനില്‍ കുമാര്‍, അനിലാവിലാസത്തില്‍ രവീന്ദ്രന്‍, ഗിരീഷ്ഭവനില്‍ രാജശേഖരന്‍ പിള്ള തുടങ്ങിയവരുടെ കാര്‍ഷികവിളകളാണ് നശിച്ചത്.
 
റവന്യൂ, കൃഷിവകുപ്പ് അധികൃതര്‍ മഴക്കെടുതിയുണ്ടായ സ്ഥലങ്ങളിലെത്തി നാശനഷ്ടങ്ങള്‍ കണക്കാക്കിവരുന്നു.