കൊല്ലം: സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം അപകടംപിടിച്ച തൊഴിലായെന്നും മാധ്യമസ്വാതന്ത്യം തടയാനുള്ള ഒരു ശ്രമവും വിജയിക്കില്ലെന്നും മുന്‍ കെ.പി.സി.സി. അധ്യക്ഷന്‍ വി.എം.സുധീരന്‍ പറഞ്ഞു. ഗൗരി ലങ്കേഷിന്റെ കൊലപാതകം ഇതാണ് സൂചിപ്പിക്കുന്നത്.

പ്രമുഖ പത്രപ്രവര്‍ത്തകനും കൊല്ലം പ്രസ് ക്ലബ്ബിന്റെ സ്ഥാപകരില്‍ ഒരാളുമായ വി.ലക്ഷ്മണന്റെ 21-ാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരന്‍.

മാധ്യമസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ആശങ്കപ്പെടുത്തുന്നതാണ്. സത്യസന്ധമായി കാര്യങ്ങള്‍ അറിയാന്‍ സമ്മതിക്കില്ലെന്നതിന്റെ സൂചനയാണിത്.

കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ ഇപ്പോള്‍ കൃത്യമായി അറിയാന്‍ സാധിക്കാത്ത നിലയാണ്. കോടതികളുടെ പ്രവര്‍ത്തനം അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്.

പത്രസ്വാതന്ത്ര്യത്തിന് ഏറെ വിലകല്പിച്ചിരുന്ന മുന്‍ പ്രധാനമന്ത്രി നെഹ്രു, വിമര്‍ശകരോട് സഹിഷ്ണുതയും കാണിച്ചിരുന്നു. കാര്‍ട്ടൂണിസ്റ്റ് ശങ്കറോട് നെഹ്രു പറഞ്ഞത് എന്നെയും വെറുതേവിടരുത് എന്നായിരുന്നു.

പത്രപ്രവര്‍ത്തനത്തെ തൊഴില്‍ എന്നതിനപ്പുറം ഒരു ദൗത്യമെന്ന നിലയില്‍ കണ്ടവരാണ് വി.ലക്ഷ്മണന്‍ ഉള്‍പ്പെടെയുള്ള പഴയ തലമുറയിലെ പത്രപ്രവര്‍ത്തകരെന്നും സുധീരന്‍ പറഞ്ഞു.
 
തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേര്‍ണലിസം പി.ജി. ഡിപ്ലോമയില്‍ കൊല്ലം ജില്ലയില്‍ ഉയര്‍ന്നവിജയം നേടിയ എം. ഔസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പുരസ്‌കാരങ്ങള്‍ സുധീരന്‍ വിതരണം ചെയ്തു.

കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജയചന്ദ്രന്‍ ഇലങ്കത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി.ബിജു, പി.എസ്.പ്രദീപ് ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.