കൊല്ലം: ആശ്രാമം ലിങ്ക് റോഡ് ഓലയില്‍ കടവിലേക്ക് നീട്ടുന്നതിനുള്ള ടെന്‍ഡര്‍ അംഗീകരിച്ചു. 104 കോടിയുടെ ടെന്‍ഡറാണ് പൊതുമരാമത്ത് മന്ത്രി ഒപ്പിട്ടത്.

ലിങ്ക് റോഡ് തേവള്ളിവരെ നീട്ടുന്ന പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനമാണ് ഓലയില്‍ കടവുവരെയുള്ള നിര്‍മാണം. ചെറിയാന്‍ വര്‍ക്കി ഗ്രൂപ്പാണ് നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. മുന്‍ എം.എല്‍.എ. പി.കെ.ഗുരുദാസന്‍ ആവിഷ്‌കരിച്ച പദ്ധതിയാണ്. 114 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരുന്നത്.

ബോട്ട് ജെട്ടി ഭാഗത്ത് 95 മീറ്റര്‍ റോഡ് നിര്‍മാണവും 940 മീറ്റര്‍ ഫ്‌ളൈ ഓവറുമാണ് പദ്ധതിയിലുള്ളത്. ഇതിനായി 85 മീറ്റര്‍ ഭാഗത്തെ ഭൂമി ഏറ്റെടുക്കലും സര്‍ക്കാര്‍ വക ഭൂമിയുടെ കൈമാറ്റവും നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഓലയില്‍ കടവില്‍നിന്ന് ദേശീയപാതയ്ക്ക് സമാന്തരമായി ഫ്‌ളൈ ഓവര്‍ വഴി ആശ്രാമം ലിങ്ക് റോഡില്‍ എത്തിച്ചേരാനാകും.

ലിങ്ക് റോഡ് ഓലയില്‍ കടവിലേക്ക് നീളുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് ശമനമാകും. വാഹനങ്ങള്‍ക്ക് ഇരുമ്പുപാലവും കെ.എസ്.ആര്‍.ടി.സി.ജങ്ഷനും ഒഴിവാക്കി പോകാനാകും. 2013ല്‍ 63 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്ന പദ്ധതി പുതുക്കി 114 കോടിയാക്കി നിശ്ചയിക്കുകയായിരുന്നു. 2013ല്‍ ഭരണാനുമതി ലഭിച്ചെങ്കിലും ചിലഭാഗങ്ങളില്‍ റോഡ് നിര്‍മിക്കാന്‍ കായല്‍ നികത്തണമെന്നതിനാല്‍ പരിസ്ഥിതി വകുപ്പിന്റെ അനുമതി ലഭിച്ചിരുന്നില്ല.

പിന്നീട് അഷ്ടമുടിക്കായല്‍ത്തീരത്ത് 95 മീറ്റര്‍ റോഡ് നിര്‍മിക്കാനുള്ള അനുമതി പരിസ്ഥിതി വകുപ്പ് നല്‍കി. കായല്‍ നികത്തുന്നതൊഴിവാക്കാനാണ് ഫ്‌ളൈ ഓവര്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. റോഡ് നിര്‍മാണത്തിനായി മൂന്ന് കുടുംബങ്ങളുടെ ഭൂമി വിലയ്ക്കുവാങ്ങുകയും ഉള്‍നാടന്‍ ജലഗതാഗതം, ജലഗതാഗത വകുപ്പ് എന്നിവിടങ്ങളില്‍നിന്ന് ഭൂമി കൈമാറ്റംചെയ്തുകിട്ടുകയും ചെയ്തിരുന്നു.

കൂടാതെ ജലഗതാഗത വകുപ്പിന് പുതിയ കെട്ടിടനിര്‍മാണത്തിനായി എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് പി.കെ.ഗുരുദാസന്‍ 75 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിവരുകയാണ്.

ആശ്രാമം ലിങ്ക് റോഡ് തോപ്പില്‍ കടവിന് പുറമെ തേവള്ളിയിലേക്കും നീട്ടുന്നതിനായി 75 കോടി രൂപ കഴിഞ്ഞവര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. തേവള്ളി ജി.ഒ.ക്വാര്‍ട്ടേഴ്‌സിന് സമീപം അഞ്ചാലുംമൂട് റോഡ് വരെയാണ് റോഡ് എത്തുന്നത്.

മുനീശ്വരന്‍കോവില്‍മുതല്‍ താലൂക്ക് കച്ചേരി ജങ്ഷന്‍ വരെയായിരുന്നു ലിങ്ക് റോഡിന്റെ ആദ്യഘട്ടം. ഇത് വര്‍ഷങ്ങള്‍ക്കുമുമ്പേ പൂര്‍ത്തിയായിരുന്നു. എന്നാല്‍ ഗതാഗതക്കുരുക്കിന് ഇത് പരിഹാരമാകുന്നില്ലെന്ന് കണ്ടതോടെയാണ് ലിങ്ക് റോഡ് തോപ്പില്‍ കടവുവരെ നീട്ടാന്‍ അഞ്ചുവര്‍ഷംമുമ്പ് തീരുമാനിച്ചത്.