കൊല്ലം: പുല്ലിച്ചിറ മാതാവിന്റെ തീര്‍ഥാടന ഉത്സവം നവംബര്‍ 30 മുതല്‍ ഡിസംബര്‍ 31 വരെ നടത്തുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തെക്കന്‍ കേരളത്തിലെ പ്രഥമ തീര്‍ഥാടനകേന്ദ്രമാണ് പുല്ലിച്ചിറ അമലോത്ഭവമാതാവിന്റെ പള്ളി.
30ന് വൈകിട്ട് 5.30ന് തീര്‍ഥാടന സമാരംഭബലി ഡോ. ജോണ്‍ ബാപ്റ്റിസ്റ്റ് നിര്‍വഹിക്കും. ഡിസംബര്‍ 8ന് അമലോത്ഭവമാതാദിനവും തിരുനാള്‍ സമാരംഭവും. രാവിലെ 8ന് ഫാ. സെഫറിന്‍ കൊടിയേറ്റ് നിര്‍വഹിക്കും. 17ന് ഉച്ചയ്ക്ക് 1.30ന് പുല്ലിച്ചിറ മാതാവിന്റെ കിരീടവും ജപമാലയും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ദേവാലയത്തിലേക്ക് പ്രവേശിക്കും. തുടര്‍ന്ന് ദിവ്യബലി. 3ന് തിരുസ്വരൂപം ബലിപീഠത്തില്‍ പ്രതിഷ്ഠിച്ച് തിരുവാഭരണം ചാര്‍ത്തിയശേഷം തീര്‍ഥാടന പന്തലിലേക്ക് ആനയിക്കും. വൈകിട്ട് 7ന് തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും കാരുണ്യാശീര്‍വാദവും നടക്കും. തുടര്‍ന്ന് നാടകം-നക്ഷത്രങ്ങള്‍ പറയാതിരുന്നത്. 18ന് അമലോത്ഭവമാതാ തിരുനാള്‍ദിനത്തില്‍ രാവിലെ 10ന് തിരുനാള്‍ മഹോത്സവ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് തിരുവനന്തപുരം അതിരൂപതാ സഹായമെത്രാന്‍ ഡോ. ക്രിസ്തുദാസ് കാര്‍മികത്വം വഹിക്കും. രാത്രി 9ന് ഗാനമേള.
ഇടവകവികാരി കെ.ബി.സെഫറിന്‍, കണ്‍വീനര്‍ റൂബന്‍ മാത്യു, ഫാ. തോമസ് പറത്തറ, ക്ലീറ്റസ് ലോറന്‍സ്, സ്റ്റാലിന്‍ ക്ലെമന്റ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.