കൊല്ലം: കൃഷ്ണലീലയില്‍ അരങ്ങേറിയ സാത്രിയ നൃത്തം കാണികളുടെ മനംകവര്‍ന്നു. അസമീസ് നൃത്തരൂപമായ സാത്രിയ പ്രശസ്ത നര്‍ത്തകി അനിത ശര്‍മയാണ് അവതരിപ്പിച്ചത്.
കൊല്ലം നാട്യപ്രിയ ഡാന്‍സ് അക്കാദമി, സേവ് കിഡ്‌നി ഫൗണ്ടേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ത്രിനേത്ര നൃത്തോത്സവമാണ് വേദി. സോപാനം ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. നാടകവും നൃത്തവും കൂടിച്ചേര്‍ന്ന അസാധാരണമായ അനുഭവമാണ് സാത്രിയ കാഴ്ചവച്ചത്.
അസമിലെ ബ്രഹ്മപുത്ര നദിക്ക് നടുവിലുള്ള മാജുലി ദ്വീപിലാണ് ഈ നൃത്തരൂപം ആവിര്‍ഭവിച്ചത്. സത്രങ്ങളോടനുബന്ധിച്ചു നടത്തിയിരുന്ന നൃത്തരൂപമായിരുന്നു ഇത്. വൈഷ്ണവമതകേന്ദ്രമായ സാത്രയില്‍നിന്നാണ് സാത്രിയ എന്ന പേരുണ്ടായത്.
വൈഷ്ണവ സന്ന്യാസിയായിരുന്ന ശങ്കരദേവനാണ് സാത്രിയ നൃത്തത്തിന് ഇപ്പോഴത്തെ രൂപം നല്‍കിയത്. വടക്കുകിഴക്കേ ഇന്ത്യയിലെ പ്രശസ്ത നൃത്തരൂപമായി ഇത് വളര്‍ന്നുകഴിഞ്ഞു. മേയര്‍ അഡ്വ. വി.രാജേന്ദ്രബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.നൗഷാദ് എം.എല്‍.എ. നൃത്തോത്സവം ഉദ്ഘാടനം ചെയ്തു.
ഡോ. പ്രവീണ്‍ നമ്പൂതിരി, പാര്‍വതി വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.
ശനിയാഴ്ച നര്‍ത്തകി ബിംബാവതിദേവി നൃത്തം അവതരിപ്പിക്കും. മണിപ്പൂരി നര്‍ത്തകരായ ബിപിന്‍ സിങ്ങിന്റെയും കലാവതി ദേവിയുടെയും മകളാണിവര്‍.