കരുനാഗപ്പള്ളി: കായലോളങ്ങളെയും തീരത്തെയും ആവേശത്തിമിര്‍പ്പിലാക്കിയ എഴുപത്തെട്ടാമത് കന്നേറ്റി ജലോത്സവത്തില്‍ സംഘം കന്നേറ്റിയുടെ കാട്ടില്‍തെക്ക ചുണ്ടന്‍ ശ്രീനാരായണ ട്രോഫി സ്വന്തമാക്കി. തുടര്‍ച്ചയായ നാലാം തവണയാണ് കാട്ടില്‍തെക്ക ചുണ്ടന്‍ ട്രോഫി കരസ്ഥമാക്കുന്നത്.

പോച്ചയില്‍ നാസറാണ് സംഘം കന്നേറ്റിയുടെ കാട്ടില്‍തെക്ക ചുണ്ടന്റെ ക്യാപ്റ്റന്‍. ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തില്‍ അജിത്ത് എസ്.ചന്ദ്രന്‍ ക്യാപ്റ്റനായ കേശവപുരം ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടന്‍ രണ്ടാംസ്ഥാനം സ്വന്തമാക്കി. എയ്ഞ്ചല്‍ ബോട്ട് ക്ലബ്ബിന്റെ സെന്റ് പയസ്-10 ചുണ്ടനാണ് മൂന്നാംസ്ഥാനം. ബിനു രവിയാണ് സെന്റ് പയസ്-10ന്റെ ക്യാപ്റ്റന്‍.

ചുണ്ടന്‍ വള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനലില്‍ എവര്‍മാക്‌സ് ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന്‍ ഒന്നാംസ്ഥാനം നേടിയപ്പോള്‍ കരുനാഗപ്പള്ളി ഗവ. മോഡല്‍ എച്ച്.എസ്.എസ്. 1987 ബാച്ചിന്റെ ശ്രീഗണേശ് ചുണ്ടന്‍ രണ്ടാംസ്ഥാനം സ്വന്തമാക്കി. നടുഭാഗം ചുണ്ടന്റെ ക്യാപ്റ്റന്‍ അനീസ് പൂവണ്ണാലും ശ്രീഗണേശ് ചുണ്ടന്റെ ക്യാപ്റ്റന്‍ മുനീര്‍ അറയ്ക്കലുമാണ്. നൗഷാദ് കൊട്ടാരം ക്യാപ്റ്റനായ യുണൈറ്റഡ് ബോട്ട് ക്ലബ്ബിന്റെ മഹാദേവിക്കാട് ചുണ്ടനാണ് മൂന്നാംസ്ഥാനം.

തെക്കനോട് എ-ഗ്രേഡ് വിഭാഗത്തില്‍ കന്നേറ്റി ബോട്ട് ക്ലബ്ബിന്റെ സുനില്‍ ക്യാപ്റ്റനായ ദേവസ് ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഫ്രണ്ട്‌സ് കന്നേറ്റിയുടെ ആരോമല്‍ സന്തോഷ് ക്യാപ്റ്റനായ കാട്ടില്‍തെക്കയാണ് രണ്ടാം സ്ഥാനത്തെത്തിയത്. തെക്കനോട് ബി-ഗ്രേഡ് വിഭാഗത്തില്‍ തെങ്ങില്‍ റോയല്‍ ജൂനിയേഴ്‌സ് ബോട്ട് ക്ലബ്ബിന്റെ ചെല്ലിക്കാടന്‍ ഒന്നാംസ്ഥാനത്തെത്തി. നുജൂം ആണ് ക്യാപ്റ്റന്‍. ഉച്ചയ്ക്ക് രണ്ടരയോടെ ചേര്‍ന്ന പൊതുസമ്മേളനം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു.

ആര്‍.രാമചമന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തി. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ. സുവനീര്‍ ഏറ്റുവാങ്ങി. എന്‍.വിജയന്‍ പിള്ള എം.എല്‍.എ., നഗരസഭാ അധ്യക്ഷ എം.ശോഭന, കെ.സി.രാജന്‍, ജെ.ജയകൃഷ്ണന്‍, കെ.സുശീലന്‍, എ.വിജയന്‍, വലിയത്ത് ഇബ്രാഹിംകുട്ടി, ശാലിനി രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ. ട്രോഫികളും കരുനാഗപ്പള്ളി എ.സി.പി. എസ്.ശിവപ്രസാദ് കാഷ് അവാര്‍ഡുകളും വിതരണം ചെയ്തു.