കരിക്കോട് : സ്വകാര്യ സ്ഥാപനത്തിന്റെ ഹോസ്റ്റലില്‍നിന്നുള്ള സെപ്റ്റിക് ടാങ്ക് മാലിന്യം ഏലായിലേക്ക് ഒഴുക്കിവിടുന്നതായി ആരോപിച്ച് ജനം ശനിയാഴ്ച രാത്രി ദേശീയപാത ഉപരോധിച്ചു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് നാട്ടുകാരാണ് കൊല്ലം-തിരുമംഗലം ദേശീയപാത കരിക്കോട്ട് ഉപരോധിച്ചത്.

ശനിയാഴ്ച രാത്രി ഏഴോടെ ആരംഭിച്ച ഉപരോധം രണ്ടുമണിക്കൂര്‍ നീണ്ടു. കൊല്ലംമുതല്‍ കുണ്ടറവരെ നീളുന്ന ഗതാഗതക്കുരുക്ക് രാത്രി വൈകിയും അഴിക്കാനായിട്ടില്ല. മൂന്നുദിവസംമുന്‍പാണ് ജനവാസമേഖലയിലേക്ക് സെപ്റ്റിക് ടാങ്ക് മാലിന്യം പമ്പ് ചെയ്തതായി പറയുന്നത്. ഇരുട്ടിവെളുത്തപ്പോഴേക്കും ഏലായിലെയും സമീപത്തെ നൂറോളം വീടുകളിലെ കിണറുകളിലെയും വെള്ളം കറുത്തനിറമായി. കുടിവെള്ളത്തില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് നാട്ടുകാര്‍ അന്വേഷണം നടത്തിയത്. മുന്‍പും ഹോസ്റ്റലിലെ സെപ്റ്റിക് ടാങ്ക് മാലിന്യം വയലിലേക്ക് ഒഴിക്കിയിരുന്നതായി പറയുന്നു.

നാട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മാനേജ്‌മെന്റ് വയലില്‍നിന്ന് മലിനജലം നീക്കുന്നതിന് നടപടി ആരംഭിച്ചിരുന്നു. ടാങ്കറുകളെത്തിച്ച് വൈകീട്ട് ആറുമുതല്‍ രാത്രി ഒന്നുവരെ മലിനജലം നീക്കിയശേഷം നിര്‍ത്തുകയായിരുന്നു. റോഡിനുവശത്തായി പുതുതായി നിര്‍മിച്ച ഓട തകരുമെന്ന കാരണം പറഞ്ഞാണ് മാലിന്യനീക്കം നിര്‍ത്തിവച്ചത്. ജനങ്ങള്‍ പോലീസിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. വെള്ളംകുടി മുട്ടിയിട്ട് മൂന്നുദിവസമായിട്ടും നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്. ഗതാഗതം തടസ്സപ്പെട്ടതോടെ പോലീസ് ചര്‍ച്ചയ്‌ക്കെത്തിയെങ്കിലും ജനങ്ങള്‍ ചെവിക്കൊണ്ടില്ല.

രാത്രി ഒന്‍പതുമണിയോടെ തഹസില്‍ദാര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. ശക്തമായ നടപടിയുണ്ടാവുമെന്ന ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്.