കടയ്ക്കല്‍: ബി.ജെ.പി. നേതാവ് രവീന്ദ്രനാഥിന്റെ മരണത്തെ തുടര്‍ന്ന് കടയ്ക്കലില്‍ വന്‍ പോലീസ് സന്നാഹം. കിഴക്കുംഭാഗംമുതല്‍ കടയ്ക്കല്‍ ടൗണ്‍വരെയുള്ള ജങ്ഷനുകളില്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്. സംഘര്‍ഷസാധ്യതയെ തുടര്‍ന്ന് കാഞ്ഞിരത്തുംമൂട് ജങ്ഷന്‍ പോലീസ് കാവലിലാണ്. സംഘര്‍ഷം നടന്ന ഫെബ്രുവരി രണ്ടുമുതല്‍ ഇവിടെ പോലീസ് ക്യാമ്പ് ചെയ്യുകയാണ്.

രവീന്ദ്രനാഥിന്റെ മരണമറിഞ്ഞയുടന്‍ കാഞ്ഞിരത്തുംമൂട് ടൗണില്‍ കടകളടച്ചു. കടയ്ക്കലില്‍ ഇപ്പോഴും സി.പി.എം.-ബി.ജെ.പി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു. പുനലൂര്‍ എ.എസ്.പി.യുടെ പരിധിയിലുള്ള മുഴുവന്‍ സ്റ്റേഷനുകളില്‍നിന്നും പോലീസ് കടയ്ക്കലില്‍ എത്തിയിട്ടുണ്ട്. സി.പി.എം. കടയ്ക്കല്‍ ഏരിയ കമ്മിറ്റി ഓഫീസിനും പ്രധാന നേതാക്കളുടെ വീടിനും ഉള്‍പ്പെടെ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

മരണവിവരമറിഞ്ഞ് രവീന്ദ്രനാഥിന്റെ വീട്ടിലേക്ക് ശനിയാഴ്ച ബി.ജെ.പി.യുടെ നിരവധി നേതാക്കളും പ്രവര്‍ത്തകരുമെത്തി. സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ ഞായറാഴ്ച ഉച്ചയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.