കടയ്ക്കല്‍: പെന്‍ഷന്‍ തുകയ്ക്കായി ശനിയാഴ്ചയും കടയ്ക്കല്‍ സബ് ട്രഷറിയില്‍ വയോധികരുടെ നീണ്ട കാത്തിരിപ്പ്. ഒടുവില്‍ വൈകിട്ട് 3ന് എസ്.ബി.ടി. അധികൃതര്‍ ഔദാര്യംപോലെ നല്‍കിയത് 10 ലക്ഷം രൂപ മാത്രം. ശനിയാഴ്ചയെങ്കിലും പെന്‍ഷന്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചെത്തിയ നിരവധിപ്പേരാണ് നിരാശരായി മടങ്ങിയത്.

കടയ്ക്കല്‍ സബ് ട്രഷറിയില്‍നിന്ന് പെന്‍ഷന്‍ വാങ്ങുന്നവരുടെ ഗതികേട് തുടരുന്നു. കടയ്ക്കല്‍ എസ്.ബി.ടി.യില്‍നിന്ന് ലഭിക്കുന്ന ചെറിയ തുകകൊണ്ട് ഒന്നുമാകാതെ വിഷമിക്കുകയാണ് ട്രഷറി ജീവനക്കാര്‍. ശനിയാഴ്ച ലഭിച്ച 10 ലക്ഷംകൊണ്ട് 62 പേര്‍ക്കുമാത്രമാണ് പെന്‍ഷന്‍ നല്‍കാനായത്.
 
25 ലക്ഷം രൂപ നല്‍കാമെന്ന് എസ്.ബി.ടി. അധികൃതര്‍ അറിയിച്ചതനുസരിച്ചാണ് പെന്‍ഷന്‍കാര്‍ വൈകുന്നേരംവരെ കാത്തുനിന്നത്. ഒടുവില്‍ ബാങ്കിന്റെ ഇടപാടുകഴിഞ്ഞ് ബാക്കിവന്ന തുകയില്‍ 10 ലക്ഷം മാത്രമാണ് മൂന്നിനുശേഷം നല്‍കിയത്. ഇതുമൂലം കാത്തുനിന്ന നിരവധിപ്പേര്‍ക്ക് പെന്‍ഷന്‍ ലഭിച്ചില്ല.

1300ല്‍ പരം പേരാണ് കടയ്ക്കല്‍ സബ് ട്രഷറിയില്‍നിന്ന് പെന്‍ഷന്‍ വാങ്ങുന്നത്. ജനുവരി ആദ്യവാരം കഴിഞ്ഞിട്ടും 535 പേര്‍ക്കുമാത്രമാണ് ഇതുവരെ പെന്‍ഷന്‍ നല്‍കാനായത്. മാസത്തിലെ ആദ്യശമ്പളദിനമായ മൂന്നിന് ശമ്പളത്തിനും പെന്‍ഷനുമായി ഒരുകോടി രൂപയുടെ ചെക്കാണ് ട്രഷറിയില്‍നിന്ന് എസ്.ബി.ടി.ക്ക് നല്‍കിയത്. അന്നുലഭിച്ചത് 30 ലക്ഷം രൂപ മാത്രം. തുടര്‍ന്നുള്ള ദിവസങ്ങളിലും ലഭിച്ചത് പേരിനുമാത്രം. ചില ദിവസങ്ങളില്‍ തുക നല്‍കിയതുമില്ല.

ആര്‍.ബി.ഐ.ല്‍നിന്ന് പണംവരുമ്പോള്‍ തരാമെന്ന നിലപാടാണ് ബാങ്ക് അധികൃതര്‍ക്കെന്ന് ആരോപണമുണ്ട്. സമീപശാഖകളില്‍നിന്ന് പണം ലഭിക്കാന്‍ നടപടിയെടുക്കാമെങ്കിലും ബാങ്ക് അധികൃതര്‍ അതിന് തയ്യാറാകുന്നില്ല.
 
ശമ്പളത്തിനുള്ള ചെക്കുമായി ജീവനക്കാര്‍ സമീപമുള്ള സബ് ട്രഷറികളില്‍ പോവുകയായിരുന്നു ഇക്കുറി. എന്നാല്‍ പ്രായാധിക്യം കാരണം പെന്‍ഷന്‍കാര്‍ക്ക് ഇത്രയുംദൂരം സഞ്ചരിച്ച് മറ്റ് ട്രഷറികളില്‍നിന്ന് തുക കൈപ്പറ്റാനാവുന്നില്ല.