ശാസ്താംകോട്ട: വൈക്കോലിന്റെ വില ക്രമാതീതമായി ഉയര്‍ന്നതും ലഭ്യതക്കുറവും ക്ഷീരകര്‍ഷക മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. കാലിത്തീറ്റയ്ക്ക് അടിക്കടിയുണ്ടാകുന്ന വിലവര്‍ധനയ്ക്കുപിന്നാലെ വൈക്കോല്‍ വില ഗണ്യമായി ഉയര്‍ന്നത് ചെറുകിട ക്ഷീരകര്‍ഷകരെ തളര്‍ത്തിയിരിക്കുകയാണ്.

നാട്ടില്‍ കൊയ്ത്തുകാലം കഴിഞ്ഞെങ്കിലും വൈക്കോല്‍ ഇല്ലാത്ത സ്ഥിതിയാണ്. കൊയ്ത്ത് മെതിയന്ത്രം ഉപയോഗിച്ച് കൊയ്യാന്‍ തുടങ്ങിയതോടെ വൃത്തിയായും നീളത്തിലും കച്ചി ലഭിക്കുന്നില്ല. നെല്‍ച്ചെടി യന്ത്രത്തിലൂടെ കയറിയിറങ്ങി വരുമ്പോഴേക്കും കച്ചി ഉപയോഗിക്കാന്‍ കഴിയാത്തതരത്തിലേക്ക് മാറുകയാണ്. കൊയ്യാന്‍ തൊഴിലാളികളെ കിട്ടാത്തതിനാല്‍ നെല്ല് കൊയ്‌തെടുക്കാനും കഴിയുന്നില്ല. അതിനാല്‍ ഏക ആശ്രയം അന്യസംസ്ഥാനങ്ങളില്‍നിന്നെത്തുന്ന കച്ചിയാണ്.

അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള വൈക്കോലിന്റെ വരവുകുറഞ്ഞു. ഇപ്പോള്‍ പോണ്ടിച്ചേരിയില്‍നിന്നാണ് കച്ചി വരുന്നത്. അതിനാല്‍ വില വര്‍ധിക്കുകയും അളവ് കുറയുകയും ചെയ്തു. സാധാരണ ഗ്രാമങ്ങളില്‍ തിരിയായാണ് ഇവ വില്‍ക്കുന്നത്. നേരത്തേ 25 രൂപയുണ്ടായിരുന്ന ഒരു കച്ചിത്തിരിക്ക് 35 രൂപയാണ് ഇപ്പോഴത്തെ വില. ചെറിയ കച്ചിക്കെട്ടിന്റെ വില 700 രൂപയാണ്. പശുവിന് ഒരുദിവസം കുറഞ്ഞത് നാല് കച്ചിത്തിരിയെങ്കിലും വേണം. അതിനാല്‍ കച്ചിക്കുമാത്രം ദിവസം 140 രൂപ ചെലവുവരും. കാലിത്തീറ്റയുടെ വിലയും ഗണ്യമായി വര്‍ധിച്ചു.

കാലിത്തീറ്റയ്ക്ക് 50 കിലോഗ്രാമിന് 1125 രൂപയാണ് വില. കടലപ്പിണ്ണാക്കിന് കിലോഗ്രാമിന് എഴുപതും പരുത്തിപ്പിണ്ണാക്കിന് 26 രൂപയുമാണ് വില. 10 രൂപയുണ്ടായിരുന്ന ഗോതമ്പ് തവിടിന്റെ വിലയും ഇരട്ടിയായി. ചുരുക്കത്തില്‍ ഒരു പശുവിനെ നിര്‍ത്തണമെങ്കില്‍ കുറഞ്ഞത് ദിവസം 350 രൂപ ചെലവുവരും. എന്നാല്‍ സംഘങ്ങളില്‍നിന്ന് റീഡിങ് അനുസരിച്ചാണ് പാലിന് വില ലഭിക്കുന്നത്. സാധാരണ 32 മുതല്‍ 35 രൂപ വരെയാണ് ഒരു ലിറ്റര്‍ പാലിന് കര്‍ഷകന് ലഭിക്കുക.

വരവും ചെലവും കണക്കാക്കിയാല്‍ ക്ഷീരകര്‍ഷകന്റെ പോക്കറ്റ് കാലിയാകുകയാണ്. അതിനാല്‍ മിക്ക ചെറുകിട കര്‍ഷകരും ഈ മേഖല വിടുകയാണ്. വിലവര്‍ധിപ്പിക്കുകയും കര്‍ഷകര്‍ക്ക് കൂടുതല്‍ സബ്‌സിഡി നല്‍കുകയും ചെയ്തില്ലെങ്കില്‍ പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലെത്തില്ല.