ശാസ്താംകോട്ട: ശാസ്താംകോട്ട പഞ്ചായത്തിലെ മുഴുവന്‍ കൃഷിയിടങ്ങളും തരിശുരഹിതമാക്കുന്നു. പഞ്ചായത്തിലെ 25 ഏക്കറോളം വരുന്ന തരിശുപാടങ്ങളും പുരയിടങ്ങളും കൃഷിക്ക് പ്രയോജനപ്പെടുത്തുന്നതിനാണ് പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
 
ഹരിതകേരളത്തില്‍ ഉള്‍പ്പെടുത്തി തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, ഹരിത ലേബര്‍ ആര്‍മി, പഞ്ചായത്ത്, ഏലാസമിതികള്‍, കൃഷിഭവന്‍ എന്നിവയുടെ സഹകരണത്തോടെയാണ് കൃഷി നടത്തുന്നത്. ജില്ലാ പഞ്ചായത്ത് ഫണ്ടും ഇതിനായി വിനിയോഗിക്കും. വിത്തും വളവും മറ്റ് സഹായങ്ങളും സൗജന്യമായി നല്‍കും. പദ്ധതിയുടെ ഭാഗമായി തുടക്കത്തില്‍ 15 ഏക്കറില്‍ കൃഷിയിറക്കുകയാണ്. തരിശായി കിടക്കുന്ന കരപ്രദേശങ്ങളില്‍ കരനെല്ലും പച്ചക്കറിയും കൃഷി ചെയ്യും. 25 വര്‍ഷമായി തരിശുകിടന്ന കരിന്തോട്ടുവ ആര്യന്‍പാടത്ത് വിത്തുവിതച്ചുകൊണ്ട് കെ.സോമപ്രസാദ് എം.പി. തരിശുരഹിത പദ്ധതി ഉദ്ഘാടനം ചെയ്തു.
 
പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.ശങ്കരപ്പിള്ള അധ്യക്ഷത വഹിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ., കാരയ്ക്കാട്ട് അനില്‍, ആര്‍.കൃഷ്ണകുമാര്‍, ബി.ബിനോയ്, സൂസന്‍വര്‍ഗീസ്, നാണുക്കുട്ടന്‍ പിള്ള, കൃഷി അസി. ഡയറക്ടര്‍ ബി.ഹരികുമാര്‍, കൃഷി ഓഫീസര്‍ അരുണ്‍സുഗതന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.