എഴുകോണ്‍: മാനസിക വെല്ലുവിളി നേരിട്ട് ഒറ്റയ്ക്കുകഴിഞ്ഞിരുന്ന യുവാവിനെ കലയപുരം ആശ്രയ ഏറ്റെടുത്തു. കുഴിമതിക്കാട് സ്വദേശി അനില്‍കുമാറിനെയാണ് അനാഥരില്ലാത്ത ഭാരതം പദ്ധതിപ്രകാരം ആശ്രയ പ്രവര്‍ത്തകര്‍ കൂട്ടിക്കൊണ്ടുപോയത്.

ഏറെക്കാലമായി ഒറ്റയ്ക്ക് താമസിച്ചുവരുകയായിരുന്നു അനില്‍കുമാര്‍. പരിതാപാവസ്ഥ ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ആശ്രയ ഭാരവാഹികളെ അറിയച്ചതിനെ തുടര്‍ന്നാണ് ഏറ്റെടുക്കല്‍. കരീപ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെ.അശോകനും ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ സൂര്യകലയും ചേര്‍ന്ന് അനില്‍കുമാറിനെ ആശ്രയ പ്രസിഡന്റ് ശാന്തശിവന് കൈമാറി.
 
പദ്ധതിയുടെ പഞ്ചായത്ത് സമിതി പ്രസിഡന്റ് ഐ.സതികുമാരി, ഭാരവാഹികളായ എസ്.ഓമനക്കുട്ടന്‍ പിള്ള, മോഹനന്‍ നായര്‍, ടി.വി.ബാലകൃഷ്ണപിള്ള, ചന്ദ്രന്‍ പിള്ള തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.