എഴുകോണ്‍: ഇടയ്ക്കിടം പട്ടികജാതി സങ്കേതത്തില്‍ കളക്ടര്‍ ഡോ. എസ്.കാര്‍ത്തികേയന്‍ സന്ദര്‍ശനം നടത്തി. പരാധീനതകള്‍ കണ്ടറിയാന്‍ ജില്ലാ ഭരണകൂടത്തിന്റെ തലവന്‍ നേരിട്ടെത്തിയത് കോളനി നിവാസികള്‍ക്ക് പ്രതീക്ഷയായി.

ബ്ലോക്കില്‍ ഒരു ദിവസം പരിപാടിയുടെ ഭാഗമായി വ്യാഴാഴ്ച രാത്രി 7.30-നാണ് കളക്ടര്‍ എത്തിയത്. ചാറ്റല്‍മഴയും വെളിച്ചക്കുറവും അവഗണിച്ച് കോളനിയിലെ മുഴുവന്‍ വീടുകളുടെയും കുടിവെള്ള സ്രോതസ്സുകളുടെയും അവസ്ഥ കളക്ടര്‍ നോക്കിക്കണ്ടു. പോരായ്മകളും ആവലാതികളും ചോദിച്ചറിഞ്ഞു.

സാംസ്‌കാരിക നിലയത്തില്‍ അങ്കണവാടി പ്രവര്‍ത്തിക്കുന്ന ഹാളാണ് പരാതികള്‍ സ്വീകരിക്കുന്നതിനായി ഒരുക്കിയിരുന്നത്. ഇവിടെ ചുമരുകളില്‍ തൂക്കിയിരുന്ന അക്ഷരമാല കലണ്ടറുകള്‍ കുട്ടികളെക്കൊണ്ട് വായിപ്പിച്ച് അവരുടെ പഠനമികവ് പരീക്ഷിച്ചറിയാനും കളക്ടര്‍ തയ്യാറായി.

അടിസ്ഥാനസൗകര്യ വികസനത്തിനു പുറമേ തുടര്‍ പഠനത്തിനും തൊഴില്‍ പരിശീലനത്തിനും അവസരം ഉണ്ടാകണമെന്ന് അന്തേവാസികള്‍ ആവശ്യപ്പെട്ടു. എഴുകോണ്‍ പ്രീ മെട്രിക് ഹോസ്റ്റലും കളക്ടര്‍ സന്ദര്‍ശിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ശശികുമാര്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീലത, ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ രതീഷ് കിളിത്തട്ടില്‍, സുമ, ആര്‍.സതീശന്‍, അംബിക സുരേന്ദ്രന്‍, സുജ, ഉഷ രമണന്‍, വിവിധ സംഘടനാപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കളക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.