കൊല്ലം : ഉത്സവസ്ഥലങ്ങളില്‍ മദ്യപരുടെയും സാമൂഹികവിരുദ്ധരുടെയും ശല്യം അതിരുവിടുന്നു. എഴുന്നള്ളത്തിന് കൊണ്ടുവരുന്ന ആനകളെ പ്രകോപിപ്പിക്കുന്നതാണ് ഇവരുടെ പുതിയ വിനോദം. വെള്ളിയാഴ്ച രാത്രി തഴുത്തല മഹാഗണപതിക്ഷേത്രത്തിലെ ഉത്സവത്തിന്റ ഭാഗമായി നടന്ന ഗജമേളയില്‍ പങ്കെടുത്ത ഒരു ആനയുടെ കുത്തേറ്റും ഭയന്നോടിയും വീണ് കുറേപ്പേര്‍ക്ക് പരിക്കേല്‍ക്കാനിടയായത് ഒരുപറ്റം സമൂഹികവിരുദ്ധരുടെ പ്രകോപനങ്ങളെത്തുടര്‍ന്നാണെന്ന് വ്യക്തമായി.

പലരും മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തിയ ദൃശ്യങ്ങളും ഇതിന് തെളിവ്. ഇടഞ്ഞ ആനയെ മയക്കുവെടിവെച്ചാണ് പിന്നീട് തളച്ചത്. സംഭവത്തില്‍ ക്ഷേത്രഭാരവാഹികളുടെ പേരില്‍ കേസെടുത്തു.

എഴുന്നള്ളത്തിന്റെ അവസാന ഭാഗത്തുനിന്ന ആനയാണ് ചിലരുടെ പ്രകോപനം കാരണം ഇടഞ്ഞത്. പിന്നാലെ കുടിയ ഒരുപറ്റം ആളുകള്‍ ആനയുടെ വാലില്‍ പിടിച്ചുതൂങ്ങാനും രോമം പിഴുതെടുക്കാനും ശ്രമം നടത്തിയതായി പറയുന്നു. വിരണ്ടോടുന്ന ആനയുടെ വാലില്‍ പിടിച്ചുതൂങ്ങുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ ഉത്സവത്തിന് മുപ്പതില്‍പ്പരം ആനകള്‍ ഉണ്ടായിരുന്നു.

ഉത്സവസ്ഥലങ്ങളില്‍ ആനകളെ പ്രകോപിപ്പിക്കുന്നതിന് പിന്നില്‍ സമൂഹികവിരുദ്ധരുടെ സംഘടിതനീക്കങ്ങളുണ്ടെന്നാണ് സംശയിക്കുന്നത്. ഉത്സവം അലങ്കോലപ്പെടുത്തുകയെന്നത് ഇതിലൊന്നു മാത്രം. ആന ഉടമകള്‍ തമ്മിലുള്ള മത്സരമാണ് മറ്റൊന്ന്. ഉത്സവ സീസണിലാണ് ആന ഉടമകള്‍ പണമുണ്ടാക്കുന്നത്. ആനകളെ എത്തിച്ചുകൊടുക്കാന്‍ പ്രത്യേകം ഏജന്റുമാരുണ്ട്. ഇവരെത്തേടി നിത്യേന ആഘോഷ കമ്മിറ്റിക്കാരെത്തും. ഉത്സവസ്ഥലത്ത് ഇടഞ്ഞ ആനയെ അന്വേഷിച്ച് ആരും വരില്ല.

ജില്ലയിലെ ഏറ്റവും തലയെടുപ്പുള്ള കൊമ്പനെ ആക്രമിച്ച സംഭവം കഴിഞ്ഞവര്‍ഷമുണ്ടായി.

മറ്റൊന്നാണ് ക്ഷേത്ര കമ്മിറ്റിക്കാരുമായുള്ള ശത്രുതയും മത്സരവും. ഉത്സവം അലങ്കോലപ്പെടുത്തി ക്ഷേത്ര കമ്മിറ്റിക്കാരെ പ്രതിക്കൂട്ടിലാക്കുക.

ആന വാലിലെ രോമം കെട്ടിയ മോതിരത്തിന് ദിവ്യത്വമുണ്ടെന്ന അന്ധവിശ്വാസാണ് മറ്റൊന്ന്. ചില പാപ്പാന്മാര്‍ വലിയ വിലക്ക് വാലിലെ രോമം മുറിച്ചുവില്‍ക്കാറുണ്ട്. ആനയുടെ പിന്നാലെകൂടി,പോക്കറ്റടിക്കുന്ന വിരുതോടെ ആനവാലിലെ രോമം മുറിച്ചെടുക്കുന്ന വിരുതന്മാരും ഉണ്ടത്രെ.കൊല്ലം : ഉത്സവങ്ങളില്‍ ആനകളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച ചട്ടങ്ങളും വ്യവസ്ഥകളും കൃത്യമായി പാലിച്ചില്ലെങ്കില്‍ ഉത്സവ കമ്മിറ്റി ഭാരവാഹികള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്ന് വനം മന്ത്രി കെ.രാജു പറഞ്ഞു.

ഉത്സവനടത്തിപ്പിന്റെ പൂര്‍ണ ഉത്തരവാദിത്വം ക്ഷേത്ര ഭാരവാഹികള്‍ക്കാണ്. കഴിഞ്ഞദിവസം തഴുത്തല ക്ഷേത്രത്തിലുണ്ടായ സംഭവം ഉത്കണ്ഠയുണ്ടാക്കുന്നതാണ്- മന്ത്രി പ്രതികരിച്ചു.

ഉത്സവസ്ഥലത്ത് സമൂഹികവിരുദ്ധരെ അഴിഞ്ഞാടാന്‍ അനുവദിക്കില്ലെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ എ.ശ്രീനിവാസ് പറഞ്ഞു. പുറ്റിങ്ങല്‍ ദുരന്തത്തിന്റെയും മറ്റും അനുഭവം വെച്ച് ഉത്സവങ്ങളുടെ നടത്തിപ്പില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഉത്സവസ്ഥലങ്ങളില്‍ പോലീസിന്റെ മേല്‍നോട്ടമുണ്ടാവുമെന്നും കമ്മിഷണര്‍ പറഞ്ഞു.