എടപ്പാള്‍: കാഴ്ചക്കുലകളുടെയും നാടന്‍ കലാപ്രകടനങ്ങളുടെയും നിറവില്‍ എടപ്പാള്‍ പൂരാടവാണിഭത്തിന് സമാപനം. നേന്ത്രവാഴക്കൃഷിയുടെ കുറവും വിലക്കയറ്റവും സരസ് മേളയും വാണിഭത്തിന് മങ്ങലേല്‍പ്പിച്ചെങ്കിലും പഞ്ചായത്ത് ഒരുക്കിയ ഒരാഴ്ചത്തെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അങ്ങാടിയില്‍ ഉത്സവാന്തരീക്ഷം തീര്‍ത്തു.

ഗുരുവായൂരടക്കമുള്ള ക്ഷേത്രങ്ങളില്‍ സമര്‍പ്പിക്കാനുള്ള ലക്ഷണമൊത്തതും അഴകാര്‍ന്നതുമായ കാഴ്ചക്കുലകള്‍ക്കായാണ് ഏറെപേരും ഈ വാണിഭത്തിനെത്തുന്നത്. നാടന്‍കായ കിലോക്ക് 90 രൂപയായിരുന്നു വില.

കാഴ്ചക്കുലകള്‍ക്ക് മോഹവിലയായിരുന്നു. 40 കിലോ തൂക്കമുള്ളതായിരുന്നു ഇത്തവണത്തെ വലിയ കുല. ആലൂര്‍, മാണൂര്‍, വളാഞ്ചേരി എന്നിവിടങ്ങളില്‍നിന്ന് കായയെത്തിച്ച് കച്ചവടംനടത്തിയ അറമുഖന്റെ കടയിലായിരുന്നു ഈ കുല. പരമ്പരാഗത കച്ചവടക്കാരായ സബ്ക സലീം, യാഹൂ എന്നിവര്‍ക്ക് ഇത്തവണ കാര്യമായി കാഴ്ചക്കുലകളുണ്ടായിരുന്നില്ല.

മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍നിന്നായി പഴയ ഓര്‍മകള്‍ പേറി കച്ചവടക്കാരും ജനങ്ങളും വാണിഭത്തിനെത്തി. ഓണക്കാലത്ത് ഒരു നക്ഷത്രത്തിന്റെ പേരില്‍ നടക്കുന്ന ഏക വാണിഭമെന്ന പ്രത്യേകതയുള്ള പൂരാടവാണിഭം കാര്‍ഷികോത്പന്നങ്ങളുടെയും മത്സ്യസമ്പത്തിന്റൈയും വാണിഭം കൂടിയാണ്.

ശനിയാഴ്ച വിവിധ വാദ്യഘോഷങ്ങളോടെയുള്ള വരവുകള്‍, ഉദയന്‍ എടപ്പാളിന്റെ മണല്‍ച്ചിത്രരചന, എടപ്പാള്‍ വിശ്വന്റെ ഗാനമേള എന്നിവയ്ക്കു ശേഷം പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബിജോയ് സമാപനസമ്മേളനം ഉദ്ഘാടനംചെയ്തു. അംഗം വി.കെ.എ. മജീദ് അധ്യക്ഷതവഹിച്ചു. വടംവലി, മൈലാഞ്ചിയിടല്‍, പൂക്കളമത്സരം, ചിത്രരചനാമത്സരം, ഫുഡ് ഫെസ്റ്റ്, നാടന്‍പാട്ട് എന്നിവ വിവിധ ദിവസങ്ങളില്‍ നടന്നിരുന്നു.പരസ്യകലാ സമിതിയുടെ കാഴ്ചക്കുല കൗതുകമായി


എടപ്പാള്‍:
കാഴ്ചക്കുലകളുടെ ഉത്സവമായ എടപ്പാള്‍ പൂരാടവാണിഭത്തില്‍ കേരള പരസ്യകലാസമിതി കാഴ്ചവെച്ച ഓണക്കുല ഇത്തവണത്തെ കൗതുകമായി.

തെര്‍മോക്കോളുപയോഗിച്ച് മനോഹരമായി നിര്‍മിച്ച കൂറ്റന്‍ കാഴ്ചക്കുലയാണ് അങ്ങാടിയിലെത്തിയവര്‍ക്ക് പുതുമയാര്‍ന്ന കാഴ്ചയായത്. പഴുത്ത കാഴ്ചക്കുലയുടെ അതേ നിറത്തില്‍ തുടുത്ത പഴങ്ങളും മാണിത്തട്ടയുമെല്ലാം ഒറിജിലിനെ വെല്ലുന്ന തരത്തിലാണ് ഈ കലാകാരന്‍മാര്‍ ഒരുക്കിയത്.

ശനിയാഴ്ചരാവിലെ മണല്‍ച്ചിത്രകലാകാരനായ ഉദയന്‍ എടപ്പാള്‍, ജബ്ബാര്‍ ബുഷ്‌റ, ശശി തലമുണ്ട, പ്രസാദ്, ഷജീര്‍, ബാലന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാഴ്ചക്കുല നിര്‍മിച്ചത്. വാണിഭം കാണാനെത്തിയവരെല്ലാം ഈ കുലയ്ക്കുചുറ്റും നിന്ന് സെല്‍ഫിയെടുത്താണ് മടങ്ങിയത്.