അഞ്ചാലുംമൂട്: കാരുണ്യത്തിന്റെ നീരുറവയില്‍ സിറാജുദ്ദീന്റെ വീടെന്ന സ്വപ്‌നത്തിന് സാക്ഷാത്കാരം. അസീസിയയാണ് സിറാജുദ്ദീന്റെ സ്വപ്‌നം സാക്ഷാത്കരിച്ചുകൊടുത്തത്.

തൃക്കരുവ തെക്കേച്ചേരി വന്മള കുന്നത്തുമേലതില്‍ വീട്ടില്‍ സിറാജുദ്ദീന്‍ സ്വകാര്യ കശുവണ്ടി ഫാക്ടറി തൊഴിലാളിയായിരിക്കെ കഠിനമായ പ്രമേഹരോഗ ബാധിതനാകുകയായിരുന്നു. കാഴ്ചശക്തി കുറയുകയും വൃക്കരോഗബാധയാല്‍ ഇരു കാലുകള്‍ക്കും സ്വാധീനം കുറയുകയും ചെയ്തു. രോഗബാധയാല്‍ ജോലിയും നഷ്ടപ്പെട്ടു.

ഭാര്യ ഷഹ്ബാനത്ത് വീടുകളില്‍ ജോലിചെയ്തുകിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ട് ചികിത്സാച്ചെലവും 80 വയസ്സായ ഷഹ്ബാനത്തിന്റെ മാതാവിന്റെയും മൂന്ന് പിഞ്ചുകുട്ടികളുടെയും ജീവിതച്ചെലവുകളും മറ്റും വഹിക്കാന്‍ നന്നേ പാടുപെടുകയായിരുന്നു. നാല് സെന്റ് സ്ഥലത്തുണ്ടായിരുന്ന പഴയവീടും നിലംപൊത്തി. താത്കാലികമായി നിര്‍മിച്ച പ്ലാസ്റ്റിക് മേഞ്ഞ ഷെഡും അടുത്ത മഴയത്ത് പൊളിഞ്ഞുവീണു. നിരവധിതവണ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയെങ്കിലും ഒരു പരിഹാരവും ഉണ്ടായില്ല.

സിറാജുദ്ദീന്റെ ദയനീയസ്ഥിതി കണ്ടറിഞ്ഞ സ്ഥലത്തെ ജീവകാരുണ്യ പ്രവര്‍ത്തകനായ വൈ.ഉമറുദ്ദീന്‍ കൊല്ലം അസീസിയ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ എം.അബ്ദുല്‍ അസീസിനെ സമീപിച്ചു. സിറാജുദ്ദീന്റെ ദയനീയാവസ്ഥ മനസ്സിലാക്കിയ അബ്ദുല്‍ അസീസ് കാരുണ്യത്തിന്റെ വീട് നിര്‍മിച്ചുനല്‍കുകയായിരുന്നു. 10 ലക്ഷത്തോളം രൂപ ചെലവാക്കി, ചുറ്റുമതിലും ഇന്‍ര്‍ലോക്ക് ടൈല്‍സ് പാകിയ മുറ്റവുമുള്ള വീടാണ് നിര്‍മിച്ചത്. 18-ന് വൈകീട്ട് നാലിന് വീടിന്റെ താക്കോല്‍ കൈമാറ്റച്ചടങ്ങ് നടത്തും.