ചവറ: മാതൃത്വത്തിന്റെ മഹനീയത അമ്മ എന്ന കവിതയിലൂടെ കാട്ടിത്തന്ന ഒ.എന്‍.വി. കുറുപ്പിന് അദ്ദേഹത്തിന്റെ ചവറയിലെ തറവാടായ നമ്പ്യാടിക്കല്‍ മുറ്റത്ത് കുടുംബാംഗങ്ങള്‍ സ്‌നേഹസ്മാരകം ഒരുക്കുന്നു. കവിയുടെ അമ്മ എന്ന കവിതയിലെ അവസാന ഭാഗമാണ് തറവാട്ടുമുറ്റത്ത് ശില്പി പാവുമ്പ മനോജ് ശിലയില്‍ പകര്‍ത്തുന്നത്.

കവി ഓര്‍മ്മയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും ഉചിതമായ സ്മാരകം പടുത്തുയര്‍ത്താന്‍ അധികൃതര്‍ക്കായിട്ടില്ല എന്നത് കവിയെ സ്‌നേഹിക്കുന്നവരുടെ മനസ്സില്‍ ഒരു നൊമ്പരമാണ്. നമ്പ്യാടിക്കല്‍ തറവാട്ടില്‍ ഉയരുന്ന ശില്പം ഏത് ലോകത്തും എനിക്കൊരു വീടുണ്ട് എന്നു പാടിയ ഒ.എന്‍.വി.ക്ക് ഉചിതമായ സ്‌നേഹോപഹാര സ്മരണയാണ്. ചലച്ചിത്രങ്ങളില്‍ കലാസംവിധാനം ചെയ്യുന്നതിനോടൊപ്പം ഒ.എന്‍.വി. കവിതകളെ സ്‌നേഹിക്കുന്ന അധ്യാപകന്‍ കൂടിയായ മനോജ് പാവുമ്പ ആറു ദിവസംകൊണ്ടാണ് ശില്പം പൂര്‍ത്തിയാക്കുന്നത്. ഇതിന്റെ അവസാനവട്ട ഒരുക്കത്തിലാണ് ശില്പിയും എല്ലാ സഹായവും ചെയ്തുകൊടുക്കുന്ന കവിയുടെ ബന്ധുവും തിരക്കഥാകൃത്തുമായ അനില്‍ മുഖത്തലയും.

''കെട്ടിമറയ്ക്കല്ലേ എന്‍ പാതി നെഞ്ചം, കെട്ടിമറയ്ക്കല്ലെന്‍ കൈയും.
എന്റെ പൊന്നോമന കേണിടുമ്പോള്‍ എന്റെയടുത്തേക്കു കൊണ്ടുപോരൂ
ഈ കൈയാല്‍ കുഞ്ഞിനെ ഏറ്റുവാങ്ങി ഈ മുലയൂട്ടാന്‍ അനുവദിക്കൂ'. ഈ വരികളാണ് ശില്പമായി പുനര്‍ജനിക്കുന്നത്. അമ്മയുടെ പാതിനെഞ്ചും ഒരു കൈയും ഒഴിവാക്കി മതില്‍കെട്ടി ശില്പത്തിന് ജീവന്‍ നല്‍കിയിരിക്കുകയാണ്. ശില്പത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച മുകേഷ് എം.എല്‍.എ. നിര്‍വഹിക്കും.