ഉത്സവഘോഷയാത്ര ദര്‍ശിക്കാന്‍ പതിനായിരങ്ങളെത്തി


കാട്ടാരക്കര : കഥകളിയുടെ നാടിനെ ആഘോഷച്ചിലങ്കയണിയിച്ച വിനായകസന്നിധിയിലെ മേടത്തിരുവാതിര ഉത്സവത്തിന് സമാപനം. കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിന്റെ വിശ്വാസപ്പെരുമയറിയിച്ച് ഒഴുകിയെത്തിയ ജനസഞ്ചയത്തിന് ആറാട്ടുത്സവം നയനോത്സവമായി. ഗജവീരന്‍മാരും കെട്ടുകാഴ്ചകളും കലാരൂപങ്ങളും വാദ്യമേളങ്ങളും നഗരം നിറച്ചപ്പോള്‍ മേടത്തിരുവാതിര കൊട്ടാരക്കരയുടെ പ്രൗഢിയായി.

കൈലാസ സന്നിധിയില്‍ ദേവനെ വണങ്ങി ഉണ്ണിയപ്പവും വാങ്ങി ഘോഷയാത്രയും കണ്ട് ഭക്തസഹസ്രങ്ങളുടെ മനം നിറഞ്ഞു. രാവിലെ എട്ടിന് തന്ത്രി തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെയും മേല്‍ശാന്തി എന്‍.വിഷ്ണു നമ്പൂതിരിയുടെയും കാര്‍മികത്വത്തില്‍ ഉത്സവക്കൊടിയിറങ്ങി. നൂറുകണക്കിനു ഭക്തര്‍ കൊടിയിറക്കം തൊഴാനെത്തിയിരുന്നു. തുടര്‍ന്ന് ക്ഷേത്രക്കുളത്തില്‍ മഹാദേവന് ആറാട്ട്.

അവസാനദിനത്തില്‍ അന്നദാനത്തില്‍ ആയിരക്കണക്കിനു ഭക്തര്‍ പങ്കെടുത്തു. ഉച്ചതിരിഞ്ഞതോടെ ഘോഷയാത്രയ്ക്ക് അരങ്ങൊരുങ്ങി. കരപറച്ചിലിന്റെ സാക്ഷ്യമായി പലകോണുകളില്‍നിന്ന് കെട്ടുകാളകളും ഫ്‌ളോട്ടുകളും വാദ്യമേള സംഘങ്ങളും ചെറുപൂരങ്ങളായി മുത്തുമാരിയമ്മന്‍കോവിലിലേക്കു വരവായി. പതിവുപോലെ ആഘോഷക്കാഴ്ചകള്‍ക്കു മീതെ മഴക്കാറുകള്‍ നിറഞ്ഞെങ്കിലും മഴ പുലമണ്‍വരെ മാത്രം പെയ്തുനിന്നു. അമ്മന്‍കോവിലില്‍നിന്ന് ഗജവീരന്‍മാരുടെ മസ്തകപ്പെരുമയില്‍ ഘോഷയാത്ര തുടങ്ങി.

പഞ്ചവാദ്യവും വാദ്യമേളങ്ങളും ഫ്‌ളോട്ടുകളും നിരന്ന ഘോഷയാത്ര ദേശീയപാതയിലിറങ്ങിയതോടെ കാഴ്ചയുടെ പൂരമായി. നഗരം നിറച്ച ജനക്കൂട്ടത്തിന് മതിവരാക്കാഴ്ചയായി ഘോഷയാത്ര നീങ്ങി. പുലമണും ചന്തമുക്കും മണികണ്ഠനാല്‍ത്തറയും കടന്ന് കൊട്ടാരം റോഡിലൂടെ പടിഞ്ഞാറ്റിന്‍കര മഹാദേവര്‍ക്ഷേത്രവും ചുറ്റി ഘോഷയാത്ര വിനായകസന്നിധിയിലെത്തി. നൃത്തോത്സവവും ചലച്ചിത്രതാരം വിനീതും സംഘവും നയിച്ച നൃത്തസന്ധ്യയുമായി ആറാട്ടുത്സവരാവും കെങ്കേമമായി.