കൊല്ലം : ഐ.എസ്.ആര്‍.ഒ.യിലെത്തിക്കാന്‍ മുംബൈയില്‍നിന്ന് കൊല്ലം തുറമുഖത്തെത്തിച്ച സില്‍റ്റേഷന്‍ ചേംബറുകളുമായി പ്രത്യേക വാഹനങ്ങള്‍ യാത്രതുടങ്ങി. ഉയരക്കൂടുതല്‍ കാരണം മേവറത്തെ കോര്‍പ്പറേഷന്റെ സൂചനാ ബോര്‍ഡുകള്‍ കടക്കാനാകാത്തതിനാല്‍ തട്ടാമല ജുമാമസ്ജിദിനുസമീപം യാത്ര അവസാനിപ്പിച്ചു. സാവധാനത്തില്‍ നീങ്ങുന്ന 96 ചക്രങ്ങളുള്ള ഹൈഡ്രോളിക് ആക്‌സില്‍ വാഹനങ്ങള്‍ കൊല്ലംമുതല്‍ തട്ടാമലവരെ ഗതാഗതം സ്തംഭിപ്പിച്ചു.

128 ടണ്‍, 57 ടണ്‍ എന്നിങ്ങനെ ഭാരമുള്ള രണ്ടുഭാഗങ്ങളായാണ് കൊണ്ടുപോകുന്നത്. 128 ടണ്‍ ഭാരമുള്ള കാര്‍ഗോയുടെ നീളം 9.8 മീറ്ററും വീതി 5.6 മീറ്ററും ഉയരം 5.7 മീറ്ററുമാണ്. 57 ടണ്‍ ഭാരമുള്ളതിന് 5.1 മീറ്റര്‍ വീതിയും 5.9 മീറ്റര്‍ നീളവും 6.05 മീറ്റര്‍ ഉയരവുമാണുള്ളത്. വാഹനത്തിന്റെ ഉയരംകൂടിയാകുമ്പോള്‍ ആകെ ഉയരം 7.52 മീറ്റര്‍.

ഏഴുദിവസംകൊണ്ട് തുമ്പയിലെ ഐ.എസ്.ആര്‍.ഒ.കേന്ദ്രത്തിലെത്താമെന്നാണ് കരുതിയിരുന്നതെങ്കിലും വ്യാഴ്യാഴ്ചകൂടി യാത്രചെയ്തശേഷം വരുംദിവസങ്ങളിലെ ഓണത്തിരക്ക് ഒഴിഞ്ഞശേഷം യാത്ര തുടരാമെന്നാണ് തീരുമാനം.

മേവറത്ത് രാത്രിയും ബോര്‍ഡുകള്‍ മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. രാവിലെ ആറുമണിയോടെ തുറമുഖത്തുനിന്ന് യാത്രതിരിച്ച വാഹനങ്ങള്‍ വൈകീട്ടോടെയാണ് ഏഴുകിലോമീറ്റര്‍ താണ്ടി തട്ടാമലവരെ എത്തിയത്. ഓരോ കിലോമീറ്ററും താണ്ടാന്‍ ഒരുമണിക്കൂറിലേറെ സമയമെടുത്തു. ഇതോടെ ദേശീയപാതയില്‍ ഗതാഗതം മുടങ്ങി. വാഹനങ്ങള്‍ മറ്റുവഴികളിലൂടെ കൂട്ടത്തോടെ കടത്തിവിടാന്‍ തുടങ്ങിയത് ഇടറോഡുകളിലും വലിയ ഗതാഗതക്കുരുക്കുണ്ടാക്കി. വാഹനങ്ങള്‍ക്കൊപ്പം പോലീസ് അകമ്പടിക്കുപുറമേ കെ.എസ്.ഇ.ബി., വനം വകുപ്പ് ഉദ്യോഗസ്ഥരുമുണ്ട്. കടന്നുപോകത്തക്കവിധം വൈദ്യുത ലൈനുകള്‍ ഉയര്‍ത്തിനല്‍കിയാണ് വാഹനങ്ങള്‍ പോകുക. വശങ്ങളിലെ മരങ്ങളുണ്ടാക്കുന്ന തടസ്സങ്ങള്‍ മാറ്റുന്നത് വനംവകുപ്പിന്റെ ചുമതലയാണ്. അതത് സ്റ്റേഷന്‍ പരിധികളിലെ പോലീസിനാണ് ഗതാഗതനിയന്ത്രണച്ചുമതല.

മേവറത്തെ ബോര്‍ഡുകള്‍ മാറ്റി വ്യാഴാഴ്ച രാവിലെയോടെ വാഹനങ്ങള്‍ യാത്ര തുടരും. മറ്റു തടസ്സങ്ങളില്ലെങ്കില്‍ വൈകീട്ടോടെ ഇത്തിക്കര പാലം കടക്കാനാണ് ലക്ഷ്യമിടുന്നത്. ഓരോദിവസവും ഏഴുമുതല്‍ 10 കിലോമീറ്റര്‍ വരെയേ വാഹനത്തിന് സഞ്ചരിക്കാനാകൂ.

കഴിഞ്ഞമാസം സാമഗ്രികളുമായി എത്തേണ്ട കപ്പല്‍ പ്രതികൂല കാലാവസ്ഥ കാരണം ഒരുമാസം വൈകിയാണ് കൊല്ലം തുറമുഖത്തെത്തിയത്.

Content Highlights: machine equipments have been carried to isro