കൊട്ടാരക്കര : സപ്ലൈകോ ഗോഡൗണിൽ റേഷൻ സാധനങ്ങൾ നിറയ്ക്കുന്നതിനിടെ ലോറി കെ.ഐ.പി. കനാലിലേക്ക് മറിഞ്ഞു. ലോറിയിലുണ്ടായിരുന്ന ചുമട്ടുതൊഴിലാളി വാഹനത്തിൽനിന്ന്‌ പുറത്തേക്കു ചാടിയതിനാൽ രക്ഷപ്പെട്ടു. നൂറു ചാക്ക് റേഷൻ സാധനങ്ങളോടുകൂടിയ ലോറിയാണ് അമ്പതടി താഴ്ചയിൽ കനാലിലേക്കു മറിഞ്ഞത്.

വെള്ളിയാഴ്ച വൈകീട്ട് നാലോടെ ആയിരുന്നു സംഭവം. തൃക്കണ്ണമംഗലിൽ എസ്.കെ.വി. ജങ്ഷന് സമീപമുള്ള സപ്ലൈകോ ഗോഡൗണിൽ ചരക്ക് കയറ്റുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തിൽനിന്ന്‌ ലോഡ് കയറ്റുന്നതിനിടെ ലോറി തനിെയ ഉരുണ്ട് കനാലിലേക്ക് മറിയുകയായിരുന്നു.

നൂറ് ചാക്കിലധികം റേഷൻ സാധനങ്ങൾ ലോറിയിലുണ്ടായിരുന്നു. ക്രെയിൻ ഉപയോഗിച്ച്‌ ലോറി നിവർത്തിയശേഷമാണ് കനാലിലും കരയിലുമായി വീണ റേഷൻ ചാക്കുകൾ തൊഴിലാളികൾ കരയിലെത്തിച്ചത്. ലോറിയുടെ മുൻഭാഗം പൂർണമായി തകർന്നു.