പൊന്മന: പൊന്മന കാട്ടില്‍ മേക്കതില്‍ ദേവീക്ഷേത്രത്തിലെ പന്ത്രണ്ടുദിവസത്തെ വൃശ്ചികോത്സവത്തോടനുബന്ധിച്ച് ഭക്തജനത്തിരക്കേറുന്നു. തമിഴ്‌നാട്, കന്യാകുമാരി എന്നിവിടങ്ങളില്‍നിന്നുപോലും നിരവധി ഭക്തരാണ് ദിനംപ്രതി ക്ഷേത്രത്തില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ എത്തുന്നതിനായി കന്നിട്ടക്കടവില്‍നിന്ന് സൗജന്യ ബോട്ട് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.
കായലിനും കടലിനും മധ്യേ സ്ഥിതിചെയ്യുന്ന അപൂര്‍വം ദേവീക്ഷേത്രങ്ങളില്‍ ഒന്നാണ് കാട്ടില്‍ മേക്കതില്‍ ക്ഷേത്രം. ആയിരത്തി ഒരുന്നൂറോളം കുടിലുകളില്‍ സന്ധ്യസമയത്ത് തെളിയുന്ന ദീപങ്ങളും നാമോച്ചാരണങ്ങളും പൊന്മനയെ ഭക്തിലഹരിയാലാക്കുന്നു.
ഉത്സവത്തിന്റെ ഒമ്പതാം ദിവസമായ ബുധനാഴ്ച തോറ്റംപാട്ടിനോടനുബന്ധിച്ചുള്ള എതിരേല്പ് പാട്ട് രാത്രി 9ന് ആചാരപ്പെരുമയോടെ നടക്കും. നിരവധി ഭക്തര്‍ താലപ്പൊലിയേന്തി വാദ്യമേളങ്ങളുടെ അകമ്പടിയോടെ കൊട്ടാരത്തിന്‍കടവില്‍നിന്ന് എതിരേല്പിനെ ആനയിക്കും. 11.30ന് അന്നദാനം, 12ന് മനോജും സംഘവും നയിക്കുന്ന ഓട്ടന്‍തുള്ളല്‍, 4ന് പാല്പായസസദ്യ, 4.30ന് തോറ്റംപാട്ട്, 6.30ന് അഷ്ടനാഗപൂജയും നൂറും പാലും.
ശനിയാഴ്ച സാസംസ്‌കാരികസമ്മേളനം ബാബുദിവാകരന്‍ ഉദ്ഘാടനം ചെയ്യും. ഐ.എന്‍.ടി.യു.സി. ദേശീയ ജനറല്‍ സെക്രട്ടറി കെ.സുരേഷ്ബാബു അധ്യക്ഷത വഹിക്കും. തുടര്‍ന്ന് കഥകളി. 10ന് തിരുമുടി എഴുന്നള്ളത്തോടെ ഉത്സവത്തിന് സമാപനമാകും.