കരുനാഗപ്പള്ളി : ഓണം ബമ്പറിലെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയിലെ സ്വർണവ്യാപാര സ്ഥാപനത്തിലെ സുഹൃത്തുക്കളെ തേടിയെത്തിയപ്പോൾ ഭാഗ്യം വിൽക്കാനായതിന്റെ സന്തോഷത്തിലാണ് ലോട്ടറി കച്ചവടക്കാരനായ സിദ്ദിഖ്.

കരുനാഗപ്പള്ളി മരുതൂർകുളങ്ങര തെക്ക് തയ്യിൽ വീട്ടിൽ സിദ്ദിഖ് (55) നാലുവർഷമായി ലോട്ടറി വിൽപ്പന നടത്തിവരുന്നു. ലാലാജി ജങ്‌ഷന് തെക്ക് ദേശീയപാതയോരത്തെ മരച്ചുവട്ടിലാണ് സിദ്ദിഖ് ലോട്ടറി വിൽക്കുന്നത്. കായംകുളത്തെ ശ്രീമുരുകാ ലക്കി സെന്റർ ഉടമ ശിവൻകുട്ടിയുടെ സബ് ഏജന്റാണ് സിദ്ദിഖ്. ലോട്ടറി വിറ്റു ലഭിക്കുന്ന ചെറിയ വരുമാനം മാത്രമാണ് സിദ്ദിഖിനുള്ളത്. സിദ്ദിഖിന്റെ കൈയിൽനിന്നു വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സ്വന്തമായി വീട് വയ്ക്കണമെന്നതാണ് സിദ്ദിഖിന്റെ ആഗ്രഹം.

വീട് വയ്ക്കുന്നതിനായി കുറ്റിപ്പുറത്തിനു സമീപം അഞ്ച് സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട്. ഒന്നാം സമ്മാനമായ 12 കോടി രൂപയുടെ 10 ശതമാനമായ 1.20 കോടി രൂപ ഏജൻസി കമ്മിഷനാണ്. ഈ തുകയുടെ സർക്കാർ നികുതി കഴിച്ചുള്ള തുക പ്രധാന ഏജന്റിനാണ് ലഭിക്കുക. ഇതിൽനിന്ന്‌ ഒരു വിഹിതം സിദ്ദിഖിനും ലഭിച്ചേക്കും.