ശൂരനാട് : ശൂരനാട് തെക്ക് കണിയാംകടവ്-തൊടിയൂർ ബണ്ട് റോഡിന്റെ പാർശ്വഭിത്തി നിർമാണം ഉപേക്ഷിച്ചനിലയിൽ. പള്ളിക്കലാറിന്റെ തീരത്ത് ശൂരനാട് തെക്ക് പഞ്ചായത്തിലെ മുണ്ടകൻ ഏലായെ വേർതിരിച്ച് നിർമിച്ച ബണ്ട് കാലപ്പഴക്കവും മണലൂറ്റുംമൂലം തകർച്ചയിലായിരുന്നു.
കൽപ്പടവുകളുടെ നിർമാണം, കലുങ്കുകൾ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തൽ എന്നിവയും ബാക്കിയാണ്. ആറിനോടുചേർന്ന് 670 മീറ്റർ നീളത്തിലും ഏലായോടു ചേർന്ന് 330 മീറ്റർ നീളത്തിലുമാണ് സംരക്ഷണഭിത്തി കെട്ടുന്നത്. ഇതിന്റെ നിർമാണമാണ് മാസങ്ങളായി ഉപേക്ഷിച്ച സ്ഥിതിയിലുള്ളത്.
2.47 കോടി രൂപയ്ക്കായിരുന്നു ഭരണാനുമതി. 1.77 കോടിക്കാണ് കരാർ എടുത്തത്. പ്രളയത്തെത്തുടർന്ന് കരാർ കാലാവധി നവംബർവരെ നീട്ടിയിരുന്നു. ഇറിഗേഷൻ വകുപ്പിനാണ് നിർമാണച്ചുമതല. സംരക്ഷണഭിത്തി പൂർത്തിയാക്കാത്തതിനാൽ ഇതുവഴിയുള്ള ഗതാഗതം നിലച്ചിരിക്കുകയാണ്.
എന്നാൽ മഴകാരണമാണ് നിർമാണം വൈകുന്നതെന്ന് ഇറിഗേഷൻ വകുപ്പ് അസി.എൻജിനീയർ അറിയിച്ചു. മണ്ണ് നിറയ്ക്കുന്നതുൾ െപ്പടെയുള്ള ജോലികൾ ആദ്യ എസ്റ്റിമേറ്റിൽ ഇല്ലായിരുന്നു. ഈ പ്രവൃത്തികൂടി ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Kaniyamkadavu Thodiyoor bund construction, Bund Construction stopped