പുത്തൂർ: പിഞ്ചുകുഞ്ഞുങ്ങളുടെ മാനത്തിനുപോലും സുരക്ഷിതത്വമില്ലാത്ത അവസ്ഥയുണ്ടാക്കിയെന്നതാണ് പിണറായി വിജയന്റെ പത്തുമാസത്തെ ഭരണനേട്ടമെന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. പുത്തൂർ കാരിക്കലിൽ വിവിധ രാഷ്ട്രീയപ്പാർട്ടികളിൽനിന്നും ബി.ജെ.പി.യിലേക്കെത്തിയവരെ സ്വീകരിക്കാൻ പഴയചിറയിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഇടതുഭരണത്തിൽ പോലീസ് നിഷ്‌ക്രിയമായിരിക്കുന്നു. കൊലപാതകങ്ങളെ ആത്മഹത്യയാക്കാൻ അവർ മത്സരിക്കുകയാണ്. നിരവധി സ്ത്രീപീഡനകഥകൾ കേട്ടാണ് കേരളം ഇന്ന് ഉണരുന്നത്. അമ്മമാരുടെ കണ്ണുനീരിൽ പിണറായി സർക്കാർ ഒഴുകിപ്പോകും. നോട്ട് നിരോധനത്തിന്റെ ഇല്ലാക്കഥകൾ പ്രചരിപ്പിച്ച ഇടതുവലതു മുന്നണികൾ കേരളത്തിൽ ഒത്തുതീർപ്പ് രാഷ്ട്രീയം നടത്തുകയാണ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ഉൾപ്പെടെ കൊടും കുറ്റവാളികളെ തുറന്നുവിടാനുള്ള തീരുമാനത്തിൽ രണ്ടുമുന്നണികൾക്കും ഒരേ ശബ്ദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സന്തോഷ് ചിറ്റേടം അധ്യക്ഷനായി. ജില്ല പ്രസിഡന്റ് ജി.ഗോപിനാഥ്, മണ്ഡലം പ്രസിഡന്റ് രാജേന്ദ്രൻ പിള്ള, കർഷകമോർച്ച സംസ്ഥാന വൈസ്‌ പ്രസിഡന്റ് ബൈജു ചെറുപൊയ്ക, ഗീതാകുമാരി അന്തർജനം, സന്തോഷ് കുമാർ, കാരിക്കൽ സുദേവൻ, പുത്തൂർ ബാഹുലേയൻ, ജയചന്ദ്രബാബു, സേതു ഇടവട്ടം എന്നിവർ സംസാരിച്ചു.