കുന്നിക്കോട്: കർഷകരിൽനിന്ന് സംഭരിക്കുന്ന പാലിന് അവരുടെ അധ്വാനത്തിന് അനുസരിച്ച് വിലകൂട്ടിനൽകാൻ മിൽമ തയ്യാറാകണമെന്ന് വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു. എന്നാൽ ഉപഭോക്താക്കളിൽനിന്ന് പാലിന് വിലകൂട്ടിവാങ്ങാനും പാടില്ല. ജില്ലാതല ക്ഷീരസംഗമവും കാർഷിക വിപണനമേളയും തലവൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ക്ഷീരമേഖലയുടെ സംരക്ഷണത്തിന് കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താൻ കേന്ദ്രം തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. ശാസ്താംകോട്ട തടാകത്തിന്റെ ഇരുവശങ്ങളിലും തീറ്റപ്പുൽക്കൃഷി ആരംഭിച്ചാൽ ക്ഷീരകർഷകർക്കും തടാക സംരക്ഷണത്തിനും സഹായകമാകുമെന്ന് ചടങ്ങിൽ അധ്യക്ഷനായ സ്ഥലം എം.എൽ.എ. കെ.ബി.ഗണേഷ് കുമാർ പറഞ്ഞു. ക്ഷീരവികസന ഡയറക്ടർ ജോർജ്‌കുട്ടി മികച്ച ക്ഷീരസംഘങ്ങളെ അനുമോദിച്ചു. 

പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.സജീഷ്, ബി.അജയകുമാർ, ജി.ആർ.രാജീവൻ, എസ്‌.ശശികുമാർ, ആശാ ശശിധരൻ, എസ്‌.വേണുഗോപാൽ, സുനിതാ രാജേഷ്, ആർ.വേണുഗോപാൽ, തലവൂർ രാകേഷ് തുടങ്ങിയവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ പരിശീലന ക്ലാസുകളും കവിസദസ്സും നടന്നു. വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ കന്നുകാലിപ്രദർശനവും മത്സരവും ഗോരക്ഷാ ക്യാമ്പും നടക്കും.