കൊല്ലം: ‘‘മുങ്ങുമ്പോൾ ‘ചുവന്ന ചൊറി’ (ജെല്ലി ഫിഷ്) മുഖത്ത് വന്ന് പറ്റിപ്പിടിച്ചാൽ അന്നത്തെ ദിവസം പട്ടിണി.  മുഖം മുഴുവൻ ചൊറിഞ്ഞ്  തടിച്ച് നീരുവരും. ചെവിയിലെല്ലാം കായലിലെ ചെളി കയറും. മാറാത്ത തലവേദനയ്ക്ക് വേറെയൊന്നും വേണ്ട.’’ ലീല പറയുന്നത് ലീലയുടെ സങ്കടം മാത്രമല്ല, കായലിലെ മീനിനെ മാത്രം ആശ്രയിച്ചു കഴിയുന്ന ഒരു സമുദായത്തിന്റെ മുഴുവൻ പ്രശ്നങ്ങളാണ്.  ‘‘മീനില്ലാത്തതിനാൽ ചെളിയിൽ വെറുതെ മുങ്ങിത്തപ്പുകമാത്രമാണിപ്പോൾ. നമുക്കാണെങ്കിൽ വേറെ പണിയും അറിയില്ല. ചെളിയിൽ  നനഞ്ഞു കുതിർന്ന് ഒഴിഞ്ഞ ഒാലക്കൂടുമായി വീട്ടിലേക്ക് പോകുകയല്ലാതെ മറ്റു വഴിയില്ല. ഇനി തപ്പുമ്പോൾ കിട്ടുന്നത് കൂലയാണെങ്കിൽ കൈമുഴുവൻ കീറിയതുതന്നെ.’’ 

കമ്പും ഒാലക്കൂടും ഉപയോഗിച്ച് മുങ്ങി ചെളികലക്കി  മീൻ തപ്പിപ്പിടിക്കുന്ന വേടർ സമുദായത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ നിരവധി പ്രശ്നങ്ങളാണ് അഭിമുഖീകരിക്കുന്നത്. വേടർ സമുദായാംഗങ്ങൾ ചെയ്തുവരുന്ന മീൻ പിടിക്കൽ രീതിയാണ് ഒാലക്കൂടും കമ്പും ഉപയോഗിച്ചുള്ള മുങ്ങിത്തപ്പൽ. മീനിനെ തപ്പിപ്പിടിക്കുന്നതിനായി അതിരാവിലെത്തന്നെ  ഇവർ കായലിലെത്തും. അരയിൽ രണ്ടു വശവും കെട്ടിയ മെടഞ്ഞെടുത്ത ഒരു ഒാലക്കൂടും. കായലിൽ ഇറങ്ങിയാൽ  പിന്നെ  കൈകൊണ്ട്‌ െചളി അടിച്ചു കലക്കും. അതിനു ശേഷം ശ്വാസം പിടിച്ച്‌ ചെളിവെള്ളത്തിലേക്ക് ഒരു മുങ്ങലാണ്. കൈ നിറയെ മീനുമായി പൊങ്ങിവന്ന കാലമുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ കൈയിൽ നിറയെ ചെളിയും അഴുക്കും മാത്രം.

മാലിന്യങ്ങൾ കായലിൽ തള്ളുന്നതിനാൽ മത്സ്യങ്ങൾ കായലിന്റെ ആഴങ്ങളിലേക്ക് മാറിയതാണ് ഇവർക്ക് തിരിച്ചടിയായത്. പുരുഷൻമാരാണ് കമ്പ്‌ ഉപയോഗിച്ച് കൂടുതലും മീൻ പിടിക്കുന്നത്. രണ്ടാൾ താഴ്ചയിൽവരെ ഇവർ മുങ്ങി മീൻ പിടിക്കും. ഇതിനായി ചെത്തി മിനുക്കിയ ‘ശീലാന്തി’ ഒരാൾ പൊക്കത്തിൽ വെട്ടിയെടുക്കും. വെള്ളത്തിൽ നടന്നു നീങ്ങുമ്പോൾ രണ്ടു കൈയിലും പിടിച്ചിരിക്കുന്ന കമ്പ് വെള്ളത്തിലൂടെ കുത്തിക്കൊണ്ടു പോകും. കമ്പിന്റെ വെള്ള നിറം കണ്ടെത്തുന്ന മീനുകളെ കമ്പുചേർത്ത് മുങ്ങിപ്പിടിക്കും.  ആഴങ്ങളിലെത്തുമ്പോൾ കാലിലെ തള്ളവിരലിൽ ചേർത്ത് ഇവർ കമ്പിൻറെ മുകളിൽ  നിന്നാണ് ശ്വാസമെടുക്കുന്നത്.  

കൊല്ലം ജില്ലയിൽ ഉളിയക്കോവിൽ, കുരീപ്പുഴ, കടവൂർ, അഞ്ചാലുംമൂട്, പെരുമൺ, വെള്ളിമൺ, പടപ്പക്കര, കൊട്ടിയം, ചിറ്റുമല, ചാത്തന്നൂർ എന്നിവിടങ്ങളിലായി നൂറിലധികം വരുന്ന വേടർ സമുദായത്തിലെ കുടുംബങ്ങൾ കായലുകളെ ആശ്രയിച്ചു മാത്രം ജീവിക്കുന്നുണ്ട്. വർഷത്തിൽ മൂന്നുമാസം കായലിന്റെ അരികിൽ തമ്പടിക്കുന്ന പൊടിക്കൊഞ്ച് സ്ത്രീത്തൊഴിലാളികൾ തുണികൊണ്ട് കോരി ഉണക്കി ശേഖരിച്ച് കിഴക്കൻേമഖലകളിൽ എത്തിച്ച് കച്ചവടം ചെയ്യാറുണ്ട്. കരിമീൻ, ഫിലോപ്പി, കൊഞ്ച്, കക്ക, തേട്, അഴുത തുടങ്ങിയ മീനുകളാണ് മുങ്ങിത്തപ്പലിൽ കൂടുതലും പിടിക്കുന്നത്.   മീൻ പിടിക്കാൻ ഇറങ്ങിയാൽ പലപ്പോഴും വലയിടുന്ന  വഞ്ചിക്കാരുടെ അടി കിട്ടാറുണ്ടെന്ന് ഇവർ പറയുന്നു. വലക്കണ്ണി ചവിട്ടി പൊട്ടിക്കാറുണ്ടെന്നാരോപിച്ച്  വടിവെച്ച് അടിക്കും.

വെള്ളത്തിൽ കിടക്കുന്നതിനാൽ അടികൊള്ളാതെ തരമില്ല. മത്സ്യത്തൊഴിലാളികൾക്കു നൽകുന്ന ആനുകൂല്യങ്ങൾ വേടർ സമുദായത്തിനും അനുവദിച്ചു നൽകണമെന്നാണ് ഇവരുടെ ആവശ്യം.