ദേശീയപാതയോടുചേർന്ന് സമാന്തരമായി നീങ്ങുന്ന തീവണ്ടിപ്പാതയാണ് കുണ്ടറയുടെ വികസനപാതയിൽ കീറാമുട്ടിയായി നിൽക്കുന്നത്. കൊല്ലം എഗ്‌മോർ മീറ്റർഗേജ് പാത ബ്രോഡ്‌ഗേജാക്കി തീവണ്ടിഗതാഗതം ആരംഭിച്ചതോടെ റോഡുമാർഗമുള്ള സഞ്ചാരത്തിന് ഇത് വലിയ പ്രതിബന്ധമുണ്ടാക്കി.
ഓരോ പുതിയ തീവണ്ടി സർവീസ് ആരംഭിക്കുമ്പോഴും അത് റോഡ് ഗതാഗതം കൂടുതൽ കൂടുതൽ പ്രതിസന്ധിയിലാക്കി. പാത വൈദ്യുതീകരിച്ച് ചരക്കുതീവണ്ടികളും ഓടിത്തുടങ്ങുന്നതോടെ കൊട്ടാരക്കരയ്ക്കും കുണ്ടറയ്ക്കുമിടയിൽ കുരുക്കുമുറുകി റോഡ് ഗതാഗതം നിശ്ചലമാവും.
പള്ളിമുക്കിലും മുക്കടയിലും ഇളമ്പള്ളൂരിലും ഏതാനും മീറ്ററുകൾമാത്രമാണ് പാതയും പാളവുമായുള്ള അകലം. കൊല്ലം-തേനി, കൊല്ലം-തിരുമംഗലം ദേശീയപാതകൾ സംഗമിക്കുന്ന ഇളമ്പള്ളൂരിൽ പാതകൾ തമ്മിലുള്ളത് ഒരു ലവൽക്രോസ് ദൂരംമാത്രം. കുണ്ടറയുടെ വികസനത്തിനും വലിയ തടസ്സമാണ് റോഡിനോടുചേർന്ന തീവണ്ടിപ്പാത സൃഷ്ടിക്കുന്നത്.
ടെക്‌നോപാർക്കും പോലീസ് സ്റ്റേഷനും ഫയർസ്റ്റേഷനും സിവിൽസ്റ്റേഷനും കെൽ, അലിൻഡ് ഫാക്ടറികളുമെല്ലാം പാളത്തിനു വടക്കും ടൗൺ പാളത്തിനു തെക്കുമാണ്. 11 െലവൽക്രോസുകളാണ് ചീരങ്കാവിനും കരിക്കോടിനുമിടയിലുള്ളത്. പള്ളിമുക്കിലും മുക്കടയിലും ഇളമ്പള്ളൂരിലും ചന്ദനത്തോപ്പിലുമാണ് ഗതാഗതത്തെ താറുമാറാക്കുന്ന െലവൽക്രോസുകളുള്ളത്. തിരക്കേറിയ റോഡുകളോടുചേർന്ന െലവൽക്രോസുകൾ അടയുമ്പോൾ ദേശീയപാതയിൽ അഴിയാക്കുരുക്കുകൾ രൂപപ്പെടും.
പള്ളിമുക്കിൽ ഓവർബ്രിഡ്ജ് കം ഫ്ളൈഓവർകേന്ദ്രം സഹായിച്ചില്ലെങ്കിൽ സംസ്ഥാനം നിർമിക്കും
പള്ളിമുക്കിൽ ദേശീയപാത ഉയർത്തി ഫ്‌ളൈഓവറും ഓവർബ്രിഡ്ജും നിർമിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ഇത് അംഗീകാരത്തിനായി കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. കേന്ദ്രം കനിഞ്ഞില്ലെങ്കിൽ സംസ്ഥാന സർക്കാർതന്നെ പാലം നിർമിക്കാനാണ് പദ്ധതിയിടുന്നത്.
ആറുമുറിക്കടയ്ക്കും ആശുപത്രിമുക്കിനുമിടയിൽ ദേശീയപാത ഉയർത്തി പില്ലറുകളിൽ നിർത്തും. പള്ളിമുക്കിൽ ഉയരം എട്ടുമീറ്ററാക്കും. എട്ട് മീറ്റർ ഉയരത്തിൽ സർക്കിളുണ്ടാവും ഇവിടെനിന്ന് തീവണ്ടിപ്പാതയ്ക്കു മുകളിൽക്കൂടി മുളവന റോഡിൽ എം.ജി.ഡി.സ്കൂളിനുസമീപം പാത നിലംതൊടും. ഇംഗ്ലീഷ് അക്ഷരം ടി.യുടെ ആകൃതിയാവും ഫ്ളൈഓവറിന്. താഴെ സർവീസ് റോഡുകളുമുണ്ടാവും.
പുതുതായി സ്ഥലം ഏറ്റെടുക്കേണ്ടതില്ലെന്നതാണ് പുതിയ രൂപകൽപ്പനയിലെ ഏറ്റവും വലിയ മെച്ചം. നിലവിലെ ദേശീയപാതയ്ക്കും മുളവന റോഡിനും മുകളിലൂടെയാണ് പാലം വരുന്നത്. പില്ലറുകളിൽ ക്രമേണ ഉയർത്തി പള്ളിമുക്കിലെത്തുമ്പോൾ എട്ടുമീറ്റർ ഉയരമാവും. ഇവിടെ സർക്കിളുണ്ടാവും. ഇതിൽനിന്നാണ് മുളവനയിലേക്കുള്ള പാലം തുടങ്ങുന്നത്. തീവണ്ടിപ്പാതയ്ക്കു മുകളിൽക്കൂടി ഇത് എം.ജി.ഡി. സ്കൂളിനുസമീപം നിലംതൊടും. പള്ളിമുക്ക് ജങ്ഷനിലെത്തുന്നതിനായി സർവീസ് റോഡുകളുണ്ടാവും. ഫ്ളൈഓവറിന്റെ മണ്ണുപരിശോധന ഉൾപ്പെടെയുള്ള വിശദമായ പദ്ധതിരൂപരേഖ തയ്യാറാക്കിവരികയാണ്. ഫ്ളൈഓവറിനു താഴെയായി സർവീസ് റോഡുമുണ്ടാവും
ദേശീയപാത ഫ്ളൈഓവർ കയറിയിറങ്ങിപ്പോകും. ചിറ്റുമല ഭാഗത്തേക്ക് പോകേണ്ടവർക്ക് ജങ്ഷനിലെ സർക്കിളിൽനിന്ന് വടക്കോട്ട് തിരിഞ്ഞ് തീവണ്ടിപ്പാതയ്ക്കു മുകളിലൂടെ സഞ്ചരിച്ച് എം.ജി.ഡി.സ്കൂളിന് സമീപം നിലംതൊടാം. കേന്ദ്രത്തിൽനിന്ന് സഹായം ലഭിച്ചില്ലെങ്കിൽ സംസ്ഥാനം നേരിട്ട് പദ്ധതി നടപ്പാക്കണമെന്നാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ കൊല്ലം-തിരുമംഗലം ദേശീയപാത ഏഴുമീറ്റർമാത്രം വീതിയുള്ള റോഡാണ്. ഇത് 10 മീറ്ററായി വികസിപ്പിക്കുന്നതിനുള്ള പദ്ധതിരൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.
പള്ളിമുക്കിലെ ഫ്ളൈഓവർ കൊല്ലം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിനുസമീപം വൈ.എം.എ.യുടെ മുന്നിൽനിന്ന് ആരംഭിച്ച് എൽ. ആകൃതിയിൽ എം.ജി.ഡി. സ്കൂളിനുസമീപം അവസാനിക്കുന്ന രൂപകൽപ്പനയായിരുന്നു ആദ്യം തീരുമാനിച്ചത്. ആറുമുറിക്കട ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾ മേൽപ്പാലത്തിലേക്ക് പ്രവേശിക്കുന്നതിന് യു ടേൺ എടുക്കേണ്ടിവരും. ഇത് സൃഷ്ടിക്കാവുന്ന കുരുക്ക് സ്ഥിതി പഴയതിലും വഷളാക്കുമെന്ന് അഭിപ്രായമുയർന്നിരുന്നു.
ഇളമ്പള്ളൂരിൽ ഫ്ളൈഓവറിനായുള്ള സർവേ നടത്തുന്നതിന് മദ്രാസിലെ സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചിരുന്നു. കൊല്ലം-തിരുമംഗലം ദേശീയപാതയിൽനിന്ന് തേനി പാതയിലെ അഞ്ചാലുംമൂട്ടിലേക്കും കല്ലട ഭാഗത്തേക്കും രണ്ട് ഫ്ളൈഓവറുകൾ വ്യത്യസ്ത ഉയരങ്ങളിൽ നിർമിക്കുന്നതിനാണ് സാധ്യതകൾ പരിശോധിച്ചത്. ഇവിടെയും ദേശീയപാതയുടെ വികസനത്തിൽ അനിശ്ചിതാവസ്ഥ നിലനിർക്കുന്നതാണ് തീരുമാനങ്ങൾ നീളുന്നതിന് കാരണമാവുന്നത്.
ഭാരത്‌മാല പദ്ധതിയിൽ കൊല്ലം-തിരുമംഗലം ദേശീയപാതയും
കൊല്ലം-തിരുമംഗലം ദേശീയപാതയും കേന്ദ്രത്തിന്റെ ഭാരത്‌മാല പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്നതിന് സാധ്യതയുണ്ട്. ഇതിനുള്ള നിർദേശം അഞ്ചുമാസംമുൻപ് കേന്ദ്രത്തിൽനിന്ന് ലഭിച്ചതായാണ് അറിവ്. 45 മീറ്റർ വീതിയിൽ നാലുവരിപ്പാതയായാണ് കൊല്ലം-തിരുമംഗലം ദേശീയപാതയെ ഭാരത്‌മാല പദ്ധതിയിൽ വികസിപ്പിക്കുന്നത്. കൊല്ലംമുതൽ കൊട്ടാരക്കരവരെയുള്ള പാതയുടെ 30 കിലോമീറ്ററോളം ഭാഗത്തെ വികസനത്തിന് പരിമിതികളുണ്ട്. ഇവിടെ അലൈൻമെന്റിൽ മാറ്റമുണ്ടാവും. തീവണ്ടിപ്പാതയോടുചേർന്നുള്ള ഭാഗം 45 മീറ്ററായി വികസിപ്പിക്കുന്നത് പ്രായോഗികമല്ല. അലൈൻമെന്റിൽ എത്രത്തോളം മാറ്റമുണ്ടാവുമെന്നത് കേന്ദ്രമാണ് തീരുമാനിക്കേണ്ടത്. തിരക്കേറിയ ഭാഗങ്ങളെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്തും.
ഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ റോഡ് നിർമാണ പദ്ധതിയാണ് ഭാരത്‌മാല. ഏഴുലക്ഷം കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഭാരതത്തിന്റെ കടലോരങ്ങളെയും മുഴുവൻ അതിർത്തിയെയും ബന്ധിപ്പിച്ച് ഒരു മാലയായാണ് റോഡ് നിർമിക്കുന്നത്. ജമ്മു, കശ്‌മീർ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, ബംഗാൾ, സിക്കിം, അസം, അരുണാചൽപ്രദേശ്, മണിപുർ, മിസോറം, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ് മുതലായ സംസ്ഥാനങ്ങളുടെ അതിർത്തിപ്രദേശങ്ങളിൽക്കൂടിയെല്ലാം പാത കടന്നുപോകും. ഗതാഗതസൗകര്യങ്ങളില്ലാത്ത നിരവധി അതിർത്തി, വന മേഖലകളെയും റോഡ് ബന്ധിപ്പിക്കും. 83677 കിലോമീറ്ററാണ് ഭാരത്‌മാലയുടെ നീളം പ്രതീക്ഷിക്കുന്നത്.
Content Highlights: Kollam, National Highway, Railway Line Kundara