കുണ്ടറയിലെ വ്യവസായമേഖലയ്ക്ക് പുത്തൻ ഉണർവ്. തകർച്ചയിലേക്ക് കൂപ്പുകുത്തിയ ഒട്ടേറെ വ്യവസായസംരംഭങ്ങൾ മുന്നോട്ടുള്ള കുതിപ്പിൽ. 19 വർഷമായി അടഞ്ഞുകിടന്ന കുണ്ടറ അലിൻഡ് 2017 ഓഗസ്റ്റ് 17 മുതൽ തുറന്നുപ്രവർത്തിക്കുന്നു. കുണ്ടറ കേരള സിറാമിക്സ് ലിമിറ്റഡിന് 2016-17 മുതൽ 2018-19 വരെ 19 കോടി 18 ലക്ഷം രൂപയുടെ സർക്കാർ സഹായം ലഭിച്ചു. നിരവധി പേർ കുണ്ടറ ഇടം വിഷൻ പദ്ധതിയുടെ ഗുണഭോക്കാക്കളായി. കുണ്ടറയിലെ ഒട്ടേറെ ജനകീയപ്രശ്നങ്ങൾക്ക് ഇനിയും പരിഹാരം കാണേണ്ടതുണ്ടെന്ന് പൊതുസമൂഹവും സംഘടനകളും പറയുന്നു.
കുതിക്കുന്ന വ്യവസായമേഖല
അടഞ്ഞുകിടന്ന കുണ്ടറ അലിൻഡ് 2017 മുതൽ തുറന്നുപ്രവർത്തിക്കുന്നു. കമ്പനിയുടെ മന്നാർ യൂണിറ്റിലെ ഡി.എൽ.ആർ.സർവീസ് ബ്രേക്കർ എന്ന ഉത്‌പന്നത്തിന്റെ അസംബ്ലിങ്ങാണ് നിലവിൽ നടക്കുന്നത്. കണ്ടക്ടറുകൾ നിർമിക്കുന്നതിന് കെ.എസ്.ഇ.ബി. യിൽനിന്നുള്ള ഓർഡറും ബസ് ബിൽഡിങ് യാർഡ് നിർമിക്കുന്നതിനുള്ള അനുമതിയും ലഭിക്കുന്ന മുറയ്ക്ക് ഫാക്ടറിയുടെ വികസനം സാധ്യമാകും.
കുണ്ടറ കേരള സിറാമിക്സ് ലിമിറ്റഡിന് 2016-17 മുതൽ 2018-19 വരെ 19 കോടി 18 ലക്ഷം രൂപയുടെ സർക്കാർ സഹായം ലഭിച്ചിട്ടുണ്ട്. പ്ലാന്റിന്റെ നവീകരണം ഉടൻ പൂർത്തിയാകും. നെഗോഷ്യേറ്റഡ് പർച്ചേസ് 95 ശതമാനം പൂർത്തീകരിച്ചു. എൽ.എൻ.ജി. പ്ലാന്റിന്റെ സ്ഥാപനം ഉടൻ പൂർത്തിയാകും. 2018-19 വർഷത്തെ പ്രവർത്തനലാഭം 38 ലക്ഷം കവിഞ്ഞു. കുണ്ടറ കെല്ലിന് സർക്കാരിൽനിന്ന് സാമ്പത്തികസഹായമായി ലഭിച്ച 2016-17 ലെ 3.85 കോടിയും 2017-18ലെ ഒരുകോടിയും ഉപയോഗിച്ച് കുടിശ്ശിക കുറച്ച് അടച്ചു. 2017-18 ൽ മൂലധനമായി ലഭിച്ച അഞ്ചുകോടിയും 2018-19 ൽ ലഭിച്ച 1.5 കോടിയും ഉപയോഗിച്ച് കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുത്തി. മുൻവർഷത്തെ കൂടിയ ടേണോവറായ 20.22 കോടിയിൽനിന്ന് യൂണിറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടേണോവറായ 33.30 കോടി രൂപയിൽ എത്തിച്ചു. കമ്പനിയിൽ വൈവിധ്യവത്‌കരണം നടപ്പാക്കുകവഴി 2018-19 ജനുവരി 31 വരെയുള്ള ടേണോവർ 27 കോടി രൂപയായി. യൂണിറ്റിന്റെ നവീകരണത്തിനായി 2017-18ൽ അനുവദിച്ച ഒൻപതുകോടിയിൽ 3.22 കോടി ചെലവഴിച്ച് റെയിൽവേ, പൊതുമേഖലാ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ എന്നിവയ്ക്ക് ഉപകരണങ്ങൾ നിർമിച്ചുനൽകുന്നു. 2018-19 വർഷത്തെ ബജറ്റിൽ 10 കോടി രൂപ യൂണിറ്റിന് വകയിരുത്തിയിട്ടുണ്ട്.
കുണ്ടറ മണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി നടപ്പാക്കിവരുന്ന ’കുണ്ടറ ഇടം വിഷൻ 2030’ എന്ന പദ്ധതി മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ 2018 ഏപ്രിൽ 10-ന് യു.എന്നിൽ അവതരിപ്പിച്ചിരുന്നു. കുറഞ്ഞചെലവിൽ വീട് നിർമിച്ചുനൽകുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു വീട് നിർമിച്ചുനൽകി. മൂന്നുവീടുകളുടെ നിർമാണം പുരോഗമിക്കുന്നു. മണ്ഡലത്തിലെ ജലവിഭവസംരക്ഷണസാധ്യതകൾ സംബന്ധിച്ച് കേരള യൂണിവേഴ്‌സിറ്റി നടത്തിയ പഠന റിപ്പോർട്ടിലെ കണ്ടെത്തലുകൾ പ്രയോഗത്തിൽ കൊണ്ടുവന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ ഏജൻസികൾ എന്നിവയുടെ സഹായത്തോടെയാണിത് നടപ്പാക്കുന്നത്. മണ്ഡലത്തിലെ പ്രൊഫഷണൽ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും സഹായത്തോടെ പട്ടികജാതി കോളനികളിലെ വിദ്യാർഥികൾക്ക് കംപ്യൂട്ടർ സാക്ഷരത, വിവിധവിഷയങ്ങളിൽ ക്ലാസുകൾ എന്നിവ നൽകുന്നു. ലൈഫ് പദ്ധതിയിലുൾപ്പെട്ട വീടുകളിൽ ഇലക്‌ട്രിഫിക്കേഷൻ, പ്ലമ്പിങ് കാർപ്പെന്ററി ജോലികൾ പൂർത്തിയാക്കിവരുന്നു. കുടുംബശ്രീയുമായി ബന്ധപ്പെട്ട് മണ്ഡലത്തിൽ നടത്തിയ തൊഴിൽമേളയിൽ വിവിധ സ്വകാര്യ, ഐ.ടി.കമ്പനികൾ, ആയിരത്തോളം ഉദ്യോഗാർഥികളിൽനിന്ന് അനുയോജ്യരെ കണ്ടെത്തി. ’ഇടം സയൻസിയ’ എന്ന പേരിൽ മണ്ഡലത്തിലെ 80 സ്കൂളികളിൽനിന്ന് നാനൂറോളം വിദ്യാർഥികൾ പങ്കെടുത്ത സയൻസ് എക്സിബിഷൻ നടന്നു. കുട്ടികളിൽ സ്വാശ്രയത്വം, ശുചിത്വബോധം, പൗരബോധം എന്നിവ ഉണ്ടാക്കാനുതകുന്ന പ്രവർത്തനങ്ങളും നടന്നുവരുന്നു.
അടിസ്ഥാനസൗകര്യ വികസനം
നബാർഡിന്റെ സഹായത്തോടെ ആധുനീകരീതിയിൽ നവീകരിച്ച ഉമയനല്ലൂർ-കല്ലുവെട്ടാംകുഴി റോഡിന് തുടർച്ചയായി മണ്ഡലത്തിലെ തൃക്കോവിൽവട്ടം, കൊറ്റങ്കര, ഇളമ്പള്ളൂർ, നെടുമ്പന പഞ്ചായത്തുകളിലെ പ്രധാന ജങ്‌ഷനുകളിലൂടെ കടന്നുപോകുന്ന റോഡുകളുടെ ബി.എം.ആൻഡ് ബി.സി. നിലവാരത്തിലുള്ള നവീകരണത്തിന് 36.1 കോടി രൂപയുടെ പ്രവൃത്തികൾ ആരംഭിച്ചു. കിഫ്ബിയിൽനിന്ന് 27.39 കോടി രൂപ അനുവദിച്ച കുണ്ടറ പള്ളിമുക്ക് റെയിൽവേ ഓവർബ്രിഡ്ജ് നിർമാണം, കൊട്ടാരക്കര ഭാഗത്തുനിന്ന് നിർദിഷ്ട ഓവർബ്രിഡ്ജിലേക്ക് ഒരു എൻട്രൻസ്, ദേശീയപാതാ അതോറിറ്റിയുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ആരംഭിക്കും. കുണ്ടറ പള്ളിമുക്ക് മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ റോഡ് ആധുനീകരീതിയിൽ നവീകരിക്കുന്നതിന് 25 കോടി രൂപ അനുവദിച്ചു, പണി നടക്കുന്നു. കുണ്ടറ താലൂക്കാശുപത്രിയിൽ ഏഴുനിലകളുള്ള പുതിയ ബ്ലോക്ക് നിർമിക്കുന്നതിന് 78 കോടി രൂപ അനുവദിച്ചു. കണ്ണനല്ലൂർ ജങ്‌ഷന്റെ സമഗ്രനവീകരണവും ഇത്തിക്കരയാറിനുകുറകേ നെടുമ്പന ഇളവൂരിൽ പാലവും അപ്രോച്ച് റോഡും നിർമിക്കുന്ന പ്രവൃത്തിയും കിഫ്ബി ഏറ്റെടുത്തു. പേരയം പഞ്ചായത്തിലെ പൊട്ടിമുക്ക്-കുതിരമുനമ്പ്- കുമ്പളം-പേരയം എൻ.എസ്.എസ്. കോളേജ്-മുളവന റോഡ് ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ നവീകരിക്കുന്നതിന് നടപടി പുരോഗമിക്കുന്നു. പടപ്പക്കര കുതിരമുനമ്പിൽനിന്ന് മൺറോത്തുരുത്ത് മണക്കടവിലേക്ക് പാലം നിർമിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു. അത് കൊല്ലം ജില്ലയുടെ കായൽ ടൂറിസം വികസനത്തിന് ഒരു പുതിയ നാഴികക്കല്ലാകും. 18.74 കോടി രൂപ ചെലവഴിച്ച് മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ പുനർനിർമാണം നടന്നുവരുന്നു. ഒരുകോടി രൂപ ചെലവിൽ, കാലവർഷക്കെടുതിയിൽ തകർന്ന ഗ്രാമീണ റോഡുകളുടെ പുനർനിർമാണപ്രവൃത്തികൾ റവന്യൂ വകുപ്പ് മണ്ഡലത്തിൽ നടപ്പാക്കി. കുണ്ടറ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കെ.ഐ.പി. കനാലിന് സമാന്തരമായി ബൈപ്പാസ് നിർമാണത്തിന് ഒരുകോടി രൂപ അനുവദിച്ചു. മണ്ഡലത്തിലുടനീളം 29.8 കോടിയുടെ തീരദേശ റോഡുകളുടെ നവീകരണപ്രവൃത്തികൾ നടന്നുവരുന്നു. 2.62 കോടി രൂപ ചെലവഴിച്ച് കരിക്കോട് മത്സ്യച്ചന്ത നവീകരിക്കുന്നു. അബേദ്കർ, സ്വാശ്രയഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുകോടി രൂപവീതം ചെലവഴിച്ച് കുണ്ടറ ആൽത്തറമുകൾ, നെടുമ്പന ശാസ്താംപൊയ്ക പട്ടികജാതി കോളനികൾ നവീകരിക്കുന്നു. ഇതേ പദ്ധതിയിലുൾപ്പെടുത്തി രണ്ടുകോടി രൂപയ്ക്ക് ഇളമ്പള്ളൂർ സെറ്റിൽമെന്റ്, കൊറ്റങ്കര കുമ്പളം എന്നീ പട്ടിക ജാതി കോളനികൾ നവീകരിക്കുന്നതിന് നടപടി പുരോഗമിക്കുന്നു. തെറ്റിക്കുന്നിൽ തുടർ സാക്ഷരതാകേന്ദ്രം, വെള്ളിമൺ മഹാത്മജി ലൈബ്രറി, കേരളപുരം പബ്ലിക്ക് ലൈബ്രറി, കൊറ്റങ്കര
പഞ്ചായത്തിന് സംസ്‌കാരിക കേന്ദ്രം, കൊറ്റങ്കര മംഗളോദയം ലൈബ്രറി, കുറ്റിച്ചിറ വൈ.എം.എ ലൈബ്രറി , പെരുമ്പുഴ ദേശസേവിനി ലൈബ്രറി എന്നിവയക്ക് കെട്ടിടം നിർമ്മാണത്തിന് ഫണ്ട്അനുവദിച്ചു.
കുടിവെള്ള പദ്ധതി
ജപ്പാൻ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി നെടുമ്പന ഗ്രാമപഞ്ചായത്തിൽ സമ്പൂർണ ജലവിതരണം ഉറപ്പാക്കി. തൃക്കോവിൽവട്ടം മേഖലയിൽ ജലവിതരണം നടത്തുന്നതിന് ആവിഷ്‌കരിച്ച തൃക്കോവിൽവട്ടം കുടിവെള്ള പദ്ധതിയുടെ അവസാനവട്ട പ്രവൃത്തികൾ പൂർത്തീകരിച്ച് പദ്ധതി പൂർണ്ണമായും കമ്മിഷൻ ചെയ്യുന്ന അവസ്ഥയിലാണ്. കുണ്ടറ, പേരയം പഞ്ചായത്തുകളിൽ ജലവിതരണം നടത്തുന്ന കുണ്ടറ കുടിവെള്ള പദ്ധതിയുടെ ഭാഗമായ പുനലൂർ കല്ലടയാറ്റിൽനിന്ന് കുണ്ടറയിലെ ഓവർഹെഡ് ടാങ്കിലേക്ക് പമ്പിങ് നടത്തുന്ന കാലഹരണപ്പെട്ട പി.വി.സി. പൈപ്പുകൾ മാറ്റി പുതിയ ജി.ഐ. പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തി അവസാനഘട്ടത്തിലാണ്. ഈ പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ പദ്ധതി പൂർണമായും പ്രവർത്തനക്ഷമമാകും. കൊല്ലം നഗരസഭാ പ്രദേശത്ത് കുടിവെള്ളവിതരണത്തിനായി വിഭാവനം ചെയ്ത് പ്രവൃത്തി പുരോഗമിക്കുന്ന ഞാങ്കടവ് കുടിവെള്ള പദ്ധതിയിൽ കൊറ്റങ്കര പഞ്ചായത്തിനെക്കൂടി ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ഈ പഞ്ചായത്തിലെ കുടിവെള്ളപ്രശ്നം പൂർണമായും പരിഹരിക്കപ്പെടും. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ നെടുമ്പന ടാങ്കിൽനിന്ന് ഇളമ്പള്ളൂർ പഞ്ചായത്തിലെ അച്ചൻകോയിക്കൽ ടാങ്കിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനുള്ള പ്രവൃത്തികൾ പുരോഗമിക്കുന്നതിനാൽ ഈ പഞ്ചായത്തിലെയും കുടിവെള്ളപ്രശ്നത്തിന് പരിഹാരമാകും. മണ്ഡലത്തിലെ ചെറുകിട കുടിവെള്ള പദ്ധികളായ കോട്ടപ്പുറം, കൊറ്റങ്കര, കോണത്തമ്മ, ഗംഗ, മാമ്പുഴധാര പദ്ധതികൾക്കായി 62 ലക്ഷം രൂപ അനുവദിച്ചു.
കുടിവെള്ളത്തിന് പ്രഥമ പരിഗണന- ജെ.മേഴ്സിക്കുട്ടിയമ്മ
കുണ്ടറയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
179 കോടിയുടെ കുണ്ടറ ജലപദ്ധതിയുടെ ഭാഗമായി പേരയം, ആശുപത്രിമുക്ക്, ഇളമ്പള്ളൂർ തുടങ്ങിയ ഭാഗങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കും. ഇളമ്പള്ളൂരിന് ആസ്തിവികസന ഫണ്ടിൽനിന്ന് രണ്ടുകോടി രൂപ അനുവദിച്ചു. ഇതിനുപുറമേ കിഫ്‌ബി സഹായവും ലഭിക്കും. കുണ്ടറ ടെക്ക്നോപാർക്കിന്റെ രണ്ടാംഘട്ട വികസനം 19-20 ൽ പൂർത്തിയാകും.
ശുദ്ധജലക്ഷാമം പരിഹരിക്കണം
മാറിമാറി അധികാരത്തിൽ വന്ന സർക്കാരുകളുടെ അവഗണനമൂലം കുണ്ടറ ഇന്ന് നാശോന്മുഖമായി കിടക്കുന്നു. കയർ, കശുവണ്ടി തൊഴിലാളികൾ പട്ടിണിയിലാണ്. ശുദ്ധജലക്ഷാമം ഉടൻ പരിഹരിക്കണമെന്ന് കുണ്ടറ പൗരവേദി ആവശ്യപ്പെട്ടു.
മറ്റാവശ്യങ്ങൾ
1. കുണ്ടറ ഒരു താലൂക്കായി ഉയർത്തണം
2. കുണ്ടറയിൽ സബ് കോടതി സ്ഥാപിക്കണം
3. ഇളമ്പള്ളൂരിലും കുണ്ടറ പള്ളിമുക്കിലും റെയിൽവേ മേൽപ്പാലങ്ങൾ നിർമിക്കണം
4. ഇളമ്പള്ളൂർ, മുക്കട, ആശുപത്രിമുക്ക് എന്നീ തിരക്കേറിയ സ്ഥലങ്ങളിൽ പൊതു ശൗചാലയങ്ങൾ സ്ഥാപിക്കണം.
5 കുണ്ടറയിൽ മിനി സിവിൽ സ്റ്റേഷൻ യാഥാർഥ്യമാക്കണം
ഗതാഗതക്കുരുക്ക് മാറ്റണം- പൗരസമിതി
കുണ്ടറയെ ശ്വാസംമുട്ടിക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണണം. നഗരത്തിന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന റെയിൽവേ ലൈനിനു കുറുകെ മേൽപ്പാലങ്ങൾ നിർമിക്കുകമാത്രമാണ് ഇതിനു പ്രതിവിധി. ഇതു യാഥാർഥ്യമാക്കാൻ 12 വർഷമായി കുണ്ടറ പൗരസമിതി സമരരംഗത്താണ്. സമിതിയുടെ മറ്റാവശ്യങ്ങൾ
1. കുണ്ടറ പദ്ധതി ജലവിതരണം കുണ്ടറ പ്രദേശങ്ങളിൽ പൂർണമായും നടപ്പാക്കുക.
2. കുണ്ടറ സബ് ട്രഷറി മിനി സിവിൽസ്റ്റേഷനിൽ പൂർത്തീകരിച്ച കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കുക.
3. കുണ്ടറവിളംബര സ്മാരക ലൈബ്രറി വികസിപ്പിച്ച് പബ്ലിക്ക് റിസർച്ച് സെന്ററായി ഉയർത്തുക.
4. കുണ്ടറ പോലീസ് സ്റ്റേഷന്റെ പ്രവർത്തനപരിധി പുനർനിർണയിക്കുക.
5. കേരളപുരംമുതൽ നെടുമ്പായിക്കുളം വരെ റെയിൽവേ സമാന്തര റോഡ് പൂർത്തീകരിക്കുക.
Content Highlights: Kundara Development, Kundara