കൊല്ലം : കെ.എസ്.ആര്‍.ടി.സി.യുടെ ചെയിന്‍ സര്‍വീസ് പരിഷ്‌കരണത്തില്‍ വ്യാപക പ്രതിഷേധം. മണിക്കൂറുകളോളം ബസിനായി കാത്തുനിന്ന് യാത്രക്കാര്‍. ചെയിന്‍ സര്‍വീസ് പരിഷ്‌കരണത്തിനായി കെ.എസ്.ആര്‍.ടി.സി. ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ റദ്ദാക്കിയതോടെ യാത്രാക്ലേശം രൂക്ഷമായി.
രണ്ടു ജില്ലകളെ ബന്ധിപ്പിച്ച് ഉള്‍ഗ്രാമങ്ങളിലൂടെ സര്‍വീസ് നടത്തുന്നതും തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, അമൃത മെഡിക്കല്‍ കോളേജ് സര്‍വീസുകളും റദ്ദാക്കിയവയില്‍പ്പെടും. മണിക്കൂറുകളോളം ബസിനായി കാത്തുനില്‍ക്കുന്ന യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുമായി വാക്കേറ്റവും പതിവാകുന്നു.
ജില്ലയിലെ ഒന്‍പത് ഡിപ്പോകളില്‍നിന്നായി 22 ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളാണ് റദ്ദാക്കിയത്. ജനപ്രതിനിധികളുടെയും വിവിധ സംഘടനകളുടെയും പ്രതിഷേധത്തെത്തുടര്‍ന്ന് റദ്ദാക്കിയ ചില സര്‍വീസുകള്‍ പുനരാരംഭിച്ചു.
ചെയിന്‍ സര്‍വീസ് ആരംഭിച്ചത് ഞായറാഴ്ചയായതിനാല്‍ ആദ്യദിനം യാത്രക്കാരെ കാര്യമായി ബാധിച്ചിരുന്നില്ല. എന്നാല്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരും രോഗികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിവന്നു.
ദീര്‍ഘദൂര സര്‍വീസുകള്‍ ഇല്ലാതാക്കുന്നതിലൂടെ സ്വകാര്യബസുകള്‍ക്ക് കടന്നുകയറാനുള്ള അവസരമുണ്ടാക്കി നല്‍കുകയാണെന്നും ആരോപണമുണ്ട്.
ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ റദ്ദാക്കിയതോടെ യാത്രച്ചെലവും കൂടും. ദീര്‍ഘദൂരം യാത്രചെയ്യേണ്ടവര്‍ ചെയിന്‍ സര്‍വീസുകള്‍ വഴി ബസുകള്‍ മാറിക്കയറി യാത്രചെയ്യുകയോ സൂപ്പര്‍ഫാസ്റ്റുകളില്‍ കയറുകയോ വേണം. ഇത് ചെലവ് കൂട്ടുന്നതിനൊപ്പം സമയനഷ്ടവുമുണ്ടാക്കുന്നു.
ചെയിന്‍ സര്‍വീസിന്റെ ആദ്യദിനങ്ങളില്‍ പ്രതീക്ഷിച്ച വരുമാനം ലഭിക്കുന്നില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. 20,000 രൂപയില്‍ കൂടുതല്‍ വരുമാനമുണ്ടായിരുന്ന സര്‍വീസുകള്‍ക്ക് ഇപ്പോള്‍ 10,000 രൂപയില്‍ താഴെയാണ് വരുമാനം.
യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തരീതിയില്‍ സര്‍വീസുകള്‍ ക്രമീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ബസുകള്‍ പിന്‍വലിച്ചതിനാല്‍ ഡിപ്പോകളില്‍ സര്‍വീസ് ക്രമീകരിക്കാനാവാത്ത അവസ്ഥയാണ്.
സൂപ്പര്‍ ഫാസ്റ്റുകള്‍ പിന്‍വലിച്ച് ചെയിന്‍ സര്‍വീസ് ആരംഭിച്ചപ്പോഴും ആദ്യദിനങ്ങളില്‍ ബുദ്ധിമുട്ടുണ്ടായെങ്കിലും പിന്നീട് പരിഹരിക്കാന്‍ കഴിഞ്ഞതുപോലെയാകും പുതിയ പരിഷ്‌കരണവുമെന്നാണ് അധികൃതരുടെ പക്ഷം.
Content Highlights: KSRTC Chain Service, KSRTC Kollam Depot, KSRTC Bus Cancellation