മയ്യനാട്‌നിന്ന് വരുമ്പോൾ വലത്തേക്കുതിരിഞ്ഞ് ലെവൽക്രോസ് കടന്ന് പിന്നെയും ഇടത്തേക്കുതിരിഞ്ഞ് തട്ടാമലയിലേക്കുള്ള റോഡിൽ കയറി വേണം കൂട്ടിക്കട കടക്കാൻ. റോഡിന്റെ ഈ സ്വഭാവംകൊണ്ടുതന്നെ ഗതാഗതക്കുരുക്കിനും ഇവിടെ പഞ്ഞമില്ല. ഇതുകൊണ്ട് വേറെയുമുണ്ട് അനവധി പ്രശ്നങ്ങൾ. എന്നാൽ നിലവിലുള്ള റെയിൽവേ ഗേറ്റിന്റെ സ്ഥാനം അൽപ്പമൊന്ന് മാറ്റിയാൽ ഈ പ്രശ്നങ്ങൾക്കെല്ലാം ശാശ്വതപരിഹാരമാകുമെന്നതാണ് നാട്ടുകാരുടെ കണ്ടെത്തൽ
സന്ധ്യയോടെ മയ്യനാട് ഭാഗത്തുനിന്നും അത്യാസന്നനിലയിലായ രോഗിയുമായി ചീറിപ്പാഞ്ഞു വരികയാണ് ആംബുലൻസ്. പക്ഷെ കൂട്ടിക്കടയിലെത്തിയപ്പോൾ കഥമാറി. റെയിൽവേ ഗേറ്റ് തുറന്ന് നിമിഷങ്ങൾ മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളു. ആശുപത്രി മീറ്ററുകൾ മാത്രം അകലെയും. ആംബുലൻസ് കണ്ട് ഒഴിഞ്ഞുകൊടുക്കണമെന്ന് മറ്റു യാത്രക്കാർക്ക് തോന്നിയെങ്കിലും നിസ്സഹായരായി നോക്കിനിൽക്കാനെ ഏവർക്കും കഴിഞ്ഞുള്ളു. ഒരിഞ്ചുപോലും തിരിയാനാകാതെ വാഹനങ്ങൾ കുടുങ്ങുന്ന സ്ഥിരം കുരുക്കിൽ ആംബുലൻസും പെട്ടു. ഫലമോ മരണത്തോട് മല്ലടിക്കുന്ന രോഗിയെ കൈയിൽ ചുമന്ന് ഒപ്പമുണ്ടായിരുന്നവർക്ക് ആശുപത്രിയിലെത്തിക്കേണ്ടി വന്നു.
ട്രാഫിക് കുരുക്കിൽപ്പെട്ട് മുഹൂർത്തം തെറ്റെണ്ടെന്ന് കരുതി വരനും കൂട്ടരും വീട്ടിൽനിന്ന് നേരത്തേയിറങ്ങി. പക്ഷെ കൂട്ടിക്കട റെയിൽവേ ഗേറ്റ് പ്രതീക്ഷകളെല്ലാം തെറ്റിച്ചു. മണിക്കൂറുകളോളം കുരുക്കിൽ തന്നെ. അടച്ചിട്ട റെയിൽവേ ഗേറ്റ് തുറന്നപ്പോൾ കുരുക്ക് കൂടുതൽ കുരുങ്ങി. ഒടുവിൽ ബൈക്കിന് ലിഫ്റ്റടിച്ചും വാഹനമുപേക്ഷിച്ച് നടന്നുമൊക്കെ വരനും കൂട്ടരും മുഹൂർത്തത്തിന് മുൻപ് വിവാഹവേദിയിലെത്തി. വിവാഹം നടത്തേണ്ട കർമിയും വധുവിന്റെ കൂട്ടരുമൊക്കെ അതേ കുരുക്കിൽത്തന്നെ പെട്ടിരിക്കുകയായിരുന്നതിനാൽ ആ വിവാഹം പിന്നെയും നീണ്ടു.
മുകളിൽ പറഞ്ഞതൊന്നും വെറും കഥകളല്ല, കൂട്ടിക്കട ജങ്‌ഷനിൽ പലതവണ നടന്നിട്ടുള്ളതും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതുമായ സംഭവങ്ങളാണ്. ഇവയ്ക്കെല്ലാം പുറമേ ജങ്‌ഷൻ കടന്നുപോകേണ്ട വിദ്യാർഥികൾക്കൊന്നും പലപ്പോഴും കൃത്യസമയത്ത് സ്കൂളുകളിലെത്താൻ കഴിയില്ല. തെറ്റ് അവരുടേതല്ല, ഇവിടെയും വില്ലൻ ഗേറ്റ് തന്നെ. രാവിലെ ഒൻപതിനും 11-നും ഇടയ്ക്കാണ് ഇതുവഴി ഏറ്റവുമധികം ട്രെയിനുകൾ കടന്നുപോകുന്നത്. സ്കൂൾ ബസുകളും മറ്റുവാഹനങ്ങളുമൊക്കെയായി വാഹനങ്ങളുടെ നിര പിന്നെയും നീളും.
റോഡ് ഗതാഗതത്തിന് പുറമേ പലപ്പോഴും റെയിൽ ഗതാഗതത്തെപോലും ബാധിക്കുമെന്നതാണ് കൂട്ടിക്കടയിലെ കുരുക്കിനെ കൂടുതൽ ഗുരുതരമാക്കുന്നത്. മണിക്കൂറുകളോളം കുരുക്കിൽപ്പെട്ടിരിക്കുന്ന വാഹനങ്ങളുടെ ഗേറ്റ് കടക്കാനുള്ള കൂട്ടപ്പൊരിച്ചിലിൽ പലപ്പോഴും ഗേറ്റ് കീപ്പർക്ക് ഗേറ്റ് അടയ്ക്കാൻ കഴിയാതെവരും. ഗേറ്റ് അടയ്ക്കാതെ ട്രെയിനിന് കടന്നുപോകാനാകാത്തതിനാൽ ട്രെയിൻ പിടിച്ചിടുകയെ നിർവാഹമുള്ളു. പിന്നീട് സമയമെടുത്ത് വാഹനങ്ങൾ എങ്ങനെയെങ്കിലും ഗേറ്റിനു പുറത്താക്കി ഗേറ്റ് അടച്ച് സിഗ്നൽ ലഭിച്ചതിനു ശേഷമേ ട്രെയിന് കടന്നുപോകാനാകൂ.
ഗേറ്റ് കടക്കാനുള്ള തിരക്കിൽ വാഹനങ്ങൾ ഉരസിയും തട്ടിയുമൊക്കെയുണ്ടാകുന്ന തർക്കങ്ങളും ഇവിടെ പതിവാണ്. തർക്കങ്ങൾ മുറുകുമ്പോൾ പലപ്പോഴും കുരുക്കും മുറുകും. സമീപകാലത്ത് ഇത്തരമൊരു തർക്കം കത്തിക്കുത്ത് വരെയെത്തി.
‘എസ്’ വളവും എട്ടിന്റെ പണിയും
ശരാശരി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ ഒരു ‘എസ്’ വളവുണ്ടെങ്കിൽ അത് സുഗമമായ ഗതാഗതത്തെ എങ്ങനെയെല്ലാം ബാധിക്കുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ. എന്നാൽ ഈ എസ് വളവിന് മധ്യത്തുകൂടി എപ്പോഴും ട്രെയിനുകൾ കടന്നുപോകുന്ന ഒരു ലെവൽക്രോസും ഗേറ്റും കൂടിയുണ്ടെങ്കിലോ. വളവ് തുടങ്ങുന്നയിടങ്ങളിലേക്ക് കൂടുതൽ റോഡുകൾ വന്നുകയറുന്നുണ്ടെങ്കിലോ?
ഇതാണ് കൂട്ടിക്കടയുടെ നിലവിലെ അവസ്ഥ. മയ്യനാട്, വാളത്തുംഗൽ ഭാഗങ്ങളിൽനിന്ന് ഗേറ്റ് കടക്കേണ്ടാതെ കടന്നുപോകുന്ന വാഹനങ്ങൾക്കുപോലും മറ്റ് വാഹനങ്ങളുടെ നിരകൊണ്ട് മണിക്കൂറുകളോളം റോഡിൽ കാത്തുനിൽക്കേണ്ട അവസ്ഥയുണ്ടാകും. ആലുംമൂട് ഭാഗത്തുനിന്ന് തട്ടാമലയിലേക്ക് പോകേണ്ട വാഹനങ്ങൾക്കും സമാനസ്ഥിതി തന്നെ.
ഗേറ്റ് തുറന്നാൽ എല്ലാ ഭാഗങ്ങളിൽനിന്നും ഒരുപോലെ ഗേറ്റ് കടക്കാൻ വാഹനങ്ങൾ ഇരച്ചുകയറും. പത്തോളം സ്വകാര്യ ബസുകൾ സർവീസ് നടത്തുകയും ചരക്കുവാഹനങ്ങൾ ധാരാളം കടന്നുപോകുകയും ചെയ്യുന്ന പാത രണ്ടുവശത്തേക്കുമുള്ള വാഹനങ്ങളുടെ ഇരച്ചുകയറലിൽ സ്തംഭിക്കും. വളവ് തിരിയാനാകാതെ വലിയ വാഹനങ്ങൾ റോഡിൽ കുടുങ്ങും. വഴിയടഞ്ഞ റോഡിൽ വലിയ വാഹനങ്ങൾക്ക് പിന്നിൽ ബൈക്കുകളും കാറുകളും ഒരിഞ്ചുനീങ്ങാനാകാതെ നട്ടംതിരിയും. വീതി കുറഞ്ഞ റോഡിൽ തട്ടാമല റോഡിൽനിന്ന് കൂട്ടിക്കടയിലേക്കെത്തുന്നയിടത്തെ ഓട്ടോസ്റ്റാൻഡും കുരുക്കിലേക്ക് കാര്യമായ സംഭാവന നൽകുന്നുണ്ട്.
തിരക്കേറിയ സമയത്തും നിയന്ത്രണമില്ലാതെ നടക്കുന്ന റോഡ് കൈയേറിയുള്ള ചരക്ക് കയറ്റിയിറക്കവും കുരുക്ക് രൂക്ഷമാക്കുന്നതായി പരാതിയുണ്ട്. രണ്ടുവർഷം മുൻപ് കുരുക്കൊഴിയുമെന്ന് കരുതി ഇവിടെ വർഷങ്ങളുടെ പഴക്കമുള്ള ആൽമരം മുറിച്ചുമാറ്റിയിരുന്നു. മരം മുറിച്ചിട്ടും കുരുക്ക് കൂടിയതേയുള്ളുവെന്നാണ് നാട്ടുകാരുടെ സാക്ഷ്യം. നടന്നുപോയി കുരുക്കൊഴിവാക്കാമെന്നാണ് ചിന്തയെങ്കിൽ അതു നടപ്പാവുന്ന ലക്ഷണമില്ല. നടപ്പാതയുണ്ടെങ്കിലല്ലേ നടക്കാൻ പറ്റൂ...
പ്രശ്നം ഇവിടെ പരിഹാരവും ഇവിടെ
മേൽപ്പാലമായിരുന്നു കൂട്ടിക്കടക്കാരുടെ പ്രധാന ആവശ്യം. എന്നാൽ ഇരവിപുരത്തും മയ്യനാടും റെയിൽവേ മേൽപ്പാലം വരുന്നതിനാൽ കൂട്ടിക്കടയിൽക്കൂടി ഒന്ന് അനുവദിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ല. എന്നാൽ കൂടുതൽ ഫലപ്രദമായ മറ്റൊരുമാർഗം തന്നെ പ്രശ്നദൂരീകരണത്തിന് നാട്ടുകാർ അവലംബിച്ചിട്ടുണ്ട്. മയ്യനാട് നിന്നെത്തുന്ന റോഡ് ഗേറ്റിലേക്കുള്ള വളവ് ഒഴിവാക്കി നേരേ കൂട്ടിക്കട-റോഡിലേക്ക് മാറ്റിസ്ഥാപിക്കുക. വളവ് മാറി റോഡ് നേർദിശയിലാകുന്നതോടെ വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാം. നേരത്തേ കുരുക്കിൽ കുടുങ്ങിയിരുന്ന ഗേറ്റ് കടക്കേണ്ടാത്ത യാത്രക്കാർക്ക് കുരുക്കെന്ന് ചിന്തിക്കുക കൂടി വേണ്ടിവരില്ല. നിലവിലുള്ള ഓട്ടോസ്റ്റാൻഡും മാറ്റേണ്ട ആവശ്യമില്ല. പാളത്തിന്റെ ഒരുവശത്തെ പഴയകടകൾമാത്രം പൊളിച്ചുമാറ്റിയാൽ റോഡ് നേർദിശയിലാക്കാം. ഇത്തരത്തിൽ സ്വന്തംനിലയിൽ പുതിയ ഗേറ്റ് വരേണ്ടതിന്റെ ഒരു സ്കെച്ച് തന്നെ തയ്യാറാക്കിയിട്ടുണ്ട് നാട്ടുകാർ. ഈ ആവശ്യം തീർത്തും പുതിയതല്ല. വർഷങ്ങൾക്ക് മുൻപ് റോഡ് മാറ്റുന്നതിനുള്ള പ്രാരംഭനടപടികൾ സ്വീകരിച്ചിരുന്നെങ്കിലും പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പലയിടങ്ങളിലും ഇത്തരത്തിൽ ഗേറ്റ് മാറ്റി സ്ഥാപിച്ചിട്ടുണ്ടെന്നതിലാണ് നാട്ടുകാരുടെ പ്രതീക്ഷ.
ഏറ്റവുമധികം ബാധിക്കുന്നത് വിദ്യാർഥികളെ
ഗേറ്റ് നിലവിലെ സ്ഥാനത്തുതന്നെ തുടർന്നാൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തിയാലും പ്രശ്നം ഒഴിയില്ലെന്നത് വ്യക്തമാണ്. രാവിലെ സ്കൂൾ സമയത്താണ് ഇതുവഴി ഏറ്റവുമധികം ട്രെയിനുകൾ കടന്നുപോകുന്നത്. കൂട്ടിക്കട വഴി കടന്നുപോകേണ്ട തരത്തിൽ ആറ് സ്കൂളുകളാണ് ഇവിടെയുള്ളത്. ഇവിടെയെല്ലാം വിദ്യാർഥികളെ തിരക്ക് ബാധിക്കും. പലപ്പോഴും 10 മിനിറ്റ് വ്യത്യാസത്തിലൊക്കെ ഗേറ്റ് അടക്കുമ്പോൾ പലപ്പോഴും ഏറ്റവും മുൻപിലുള്ള വാഹനംപോലും ഗേറ്റ് കടന്നിട്ടുണ്ടാകില്ല. അത്രയ്ക്ക് അശാസ്ത്രീയമാണ് റോഡിന്റെ കിടപ്പ്-അനി വിജയൻ (ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹി)
കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാൻ കഴിയില്ല
പലപ്പോഴും ഗേറ്റ് അടച്ചാൽ മണിക്കൂറുകളോളം റോഡിൽ കുടുങ്ങിക്കിടക്കേണ്ടിവരും. ഇത് ഏറ്റവുമധികം ബാധിക്കുക ആശുപത്രിയിലേക്കെത്തുന്ന രോഗികളെയാണ്. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കുകയാണ് രോഗികളോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം. പലപ്പോഴും ഇവിടുത്തെ കുരുക്കുകൊണ്ട് അത് സാധിക്കാറില്ല. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഗേറ്റിനുമുകളിലൂടെ എടുത്ത് ആശുപത്രിയിലെത്തിക്കേണ്ടി വന്നിട്ടുണ്ട്.
-ഡോ. മനു വിശ്വനാഥൻ
(വിശ്വനാഥൻ മെമ്മോറിയൽ ഹോസ്പിറ്റൽ, കൂട്ടിക്കട)
കൈയേറ്റങ്ങൾ ഒഴിപ്പിക്കണം
തീരദേശഭാഗങ്ങളിൽനിന്ന് വരുന്ന യാത്രക്കാരെയാണ് പലപ്പോഴും കുരുക്ക് കൂടുതലായി ബാധിക്കുക. റോഡുകളുടെ അവസ്ഥയും തീരെ മോശമാണ്. ഗേറ്റ് മാറ്റുന്നതിനൊപ്പം റോഡുകളിൽ വികസനവും വരണം. കൈയേറ്റമാണ് രൂക്ഷമായ മറ്റൊരു പ്രശ്നം. പലരും റോഡ് കൈയേറിയാണ് കച്ചവടം നടത്തുന്നത്. അധികൃതർ ഇടപെട്ട് ഈ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ കൃത്യമായ നടപടികളെടുക്കണം.
-കൂട്ടിക്കട ഷെരീഫ്
(പൊതുപ്രവർത്തകൻ)
ഗേറ്റ് കടക്കാൻ മണിക്കൂറുകളെടുക്കും
10 വർഷമായി കൂട്ടിക്കടയിൽ ഓട്ടോയോടിക്കുകയാണ്. ഗേറ്റിന് രണ്ടുവശത്തുമുള്ള വളവുകൾ ഉണ്ടാക്കുന്ന പ്രശ്നം ചെറുതല്ല. നാല് റോഡുകളിൽനിന്നും നിരവധി വാഹനങ്ങളാണ് റോഡിലേക്ക് വന്നുകയറുന്നത്. റോഡിന് വീതിയില്ലാത്തതും മറ്റൊരു പ്രശ്നമാണ്. ബസുകൾക്ക് വളയാൻ സൗകര്യമില്ല. ചിലപ്പോഴൊക്കെ മീറ്ററുകൾ കടക്കാൻ മണിക്കൂറുകളെടുക്കും. -ശ്രീകണ്ഠൻ (ഓട്ടോ ഡ്രൈവർ)
ഗേറ്റ് അടിയന്തരമായി മാറ്റണം
പലപ്പോഴായി ഗേറ്റ് മാറ്റിസ്ഥാപിക്കുന്നതിനായി ആവശ്യമുയർത്തിയിരുന്നു. പക്ഷെ പ്രയോജനമുണ്ടായില്ല. രാഷ്ട്രീയസമ്മർദംകൊണ്ടാകാം നടക്കാത്തത്. ഗേറ്റ് അടയ്ക്കാനാകാതെ ട്രെയിനുകൾ പിടിച്ചിടേണ്ടിവരുന്നതൊക്കെ നിത്യസംഭവമാണ്. ആൽമരം മുറിക്കേണ്ടിയിരുന്നില്ല. ഗേറ്റ് മാറ്റിസ്ഥാപിക്കുക മാത്രമാണ് കുരുക്കിനുള്ള ഏക പരിഹാരം.
-സുനിൽ ദത്ത്
(കെ.എൻ.ആർ.എ. സെക്രട്ടറി)
കുരുക്കുണ്ടാക്കുന്ന കുരുക്കുകൾ
നിലവിലെ ‘എസ്’ വളവും അതുമൂലമുണ്ടാകുന്ന ട്രാഫിക് ബ്ലോക്കും ഏറ്റവുമധികം ബാധിക്കുക യാത്രക്കാരുടെ സമയക്രമത്തെയാണ്. സമീപത്തെ ഓഡിറ്റോറിയങ്ങളിൽ നടക്കുന്ന കല്യാണങ്ങളും ചടങ്ങുകളുമൊക്കെ ഇതിന് ഉദാഹരണമാണ്. ഓഡിറ്റോറിയത്തിൽ കല്യാണമുണ്ടെങ്കിൽ തന്നെ വാഹനങ്ങളുടെ എണ്ണം കൂടി കുരുക്ക് കൂടുതൽ ഗുരുതരമാവും. സമയത്തിന് ഒന്നും നടത്താനാകാതെ വരും.-ബിജു കെ.ജി. (വീഡിയോഗ്രാഫർ)
Content Highlights: Koottikkadavu, Koottikkadavu Railway Gate, Koottikkadavu Traffic Block