അഞ്ചല്‍: ഹരിതഗൃഹങ്ങളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ പച്ചക്കറി ഉത്പാദിപ്പിച്ച് പച്ചക്കറിക്കൃഷിയില്‍ പുത്തന്‍ വിജയഗാഥ രചിക്കുകയാണ് അനീഷ് എന്‍.രാജ് എന്ന യുവകര്‍ഷകന്‍. അഞ്ചല്‍ കോമളം ദ്വാരകയിലെ അനീഷ് ഒരു കര്‍ഷക കുടുംബാംഗമാണ്.
 
ബി.കോം. ബിരുദധാരിയായ ഇദ്ദേഹം 15 വര്‍ഷത്തെ ബിസിനസ്സ് ഒഴിവാക്കിയാണ് കൃഷിയിലേക്ക് എത്തിച്ചേര്‍ന്നത്. വിഷരഹിത പച്ചക്കറികള്‍ക്കുപുറമെ മാനസികസന്തോഷം, ശാരീരിക ഉന്മേഷം എന്നിവയും ഹരിതഗൃഹങ്ങള്‍ നല്‍കുന്നതായി അദ്ദേഹം പറയുന്നു. വീട്ടിലെ ടെറസിലും 10 സെന്റ് പുരയിടത്തിലുമാണ് ഹരിതഗൃഹങ്ങള്‍ അഥവാ പോളിഹൗസുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
 
വിദേശരാജ്യങ്ങളില്‍ മാത്രം കണ്ടുവരുന്ന പോളിഹൗസുകള്‍ കൃഷിയെ സ്‌നേഹിക്കുന്ന കര്‍ഷകര്‍ക്കിടയില്‍ സ്ഥാനംപിടിച്ചിരിക്കുന്നു. പരിസ്ഥിതിക്ക് അനുയോജ്യമായിട്ടാണ് ഹരിതഗൃഹങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. വീടുകളിലും മട്ടുപ്പാവുകളിലും സൗകര്യപ്രദമായി ഹരിതഗൃഹങ്ങള്‍ സ്ഥാപിച്ച് വീട്ടമ്മമാര്‍ക്കുപോലും കൃഷിചെയ്യാമെന്നാണ് ഈ ഹൈടെക് മഴമറയുടെ പ്രത്യേകത.

പ്രകൃതിവിളയ്ക്ക് അനുസൃതമായി കൃഷി നിയന്ത്രിച്ചെടുക്കാന്‍ പോളിഹൗസിലൂടെ സാധിക്കും. ചൂട്, മഴ, തണുപ്പ് എന്നിവയില്‍നിന്ന് സംരക്ഷണം നല്‍കി ചെടിയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ അന്തരീഷം സൃഷ്ടിക്കാന്‍ കഴിയും. കുറഞ്ഞസ്ഥലത്തുനിന്ന് കൂടുതല്‍ വിളവ് ഇതിന്റെ മേന്മയാണ്.

പയര്‍, പാവല്‍, പടവലം, വെള്ളരി, മുളക്, കാബേജ്, കോളിഫ്‌ളവര്‍, ചീര, വഴുതന, വെണ്ട, കോവല്‍ എന്നിവയാണ് കൃഷിചെയ്യുന്നത്. 104 ഗ്രോബാഗുകളിലായി ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിക്കും തുടക്കമിട്ടു.