ചാത്തന്നൂര്‍ : ഒരോ ഇന്ത്യക്കാരനും അഭിമാനമായ ചന്ദ്രയാന്‍-2 ശാസ്ത്രലോകത്തെ രാജ്യത്തിന്റെ നേട്ടം മാത്രമല്ല പുതുതലമുറയ്ക്ക് ഊര്‍ജം പകരാന്‍ അമ്പിളി അമ്മാവനിലേക്കൊരു യാത്രകൂടിയാണെന്ന് ഡോ. ജെ.ജയപ്രകാശ്.
ചന്ദ്രയാന്‍-2 ന്റെ വിക്ഷേപണത്തിനുശേഷം വേളമാനൂരിലെ കുടുംബവീട്ടില്‍ അച്ഛനമ്മമാരെ കാണാനെത്തിയ ചന്ദ്രയാന്‍-2 ന്റെ മാര്‍ക്ക്-3 പ്രോജക്ട് ഡയറക്ടര്‍ ജയപ്രകാശ് മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു.
ജൂലായ് 15-ന് രാജ്യത്തിന്റെ പ്രഥമപൗരനെ സാക്ഷിനിര്‍ത്തി ചന്ദ്രയാന്റെ യാത്ര നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിച്ചത് ശാസ്ത്രലോകത്തിന്റെ നിശ്ചയദാര്‍ഢ്യമായിരുന്നെന്നും പരാജയങ്ങളില്‍നിന്ന് എത്തിച്ചേരുന്ന ഒരു വിജയത്തിനു വേണ്ടിയായിരുന്നു കാത്തിരിപ്പെന്നും അദ്ദേഹം പറഞ്ഞു.
ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ കൊണ്ടെത്തിച്ച് അത് പ്രഖ്യാപിക്കുന്ന നിമിഷത്തിനുവേണ്ടിയായിരുന്നു കാത്തിരിപ്പ്. 48 ദിവസത്തെ യാത്രയിലാണിപ്പോള്‍ ചന്ദ്രയാന്‍. 23 ദിവസം ഭൂമിയുടെയും തുടര്‍ന്നുള്ള 25 ദിവസം ചന്ദ്രന്റെയും ഭ്രമണപഥത്തിലായിരിക്കും.
ഓഗസ്റ്റ് 13-വരെ ഭൂമിയുടെയും 14 മുതല്‍ ചന്ദ്രന്റെയും ഭ്രമണപഥത്തില്‍ ചുറ്റിത്തിരിയുന്ന ചന്ദ്രയാന്‍ സെപ്റ്റംബര്‍ ഏഴിനാണ് ചന്ദ്രനില്‍ ഇറങ്ങുക.
രാജ്യത്തിന്റെ സ്വന്തം സാങ്കേതികവിദ്യയിലൂടെ നിര്‍മിച്ച ജി.എസ്.എല്‍.വി. മാര്‍ക്ക്-3 ആയിരിക്കും ഇനിയുള്ള എല്ലാത്തിനെയും വഹിച്ചുകൊണ്ട് ബഹിരാകാശത്തേക്ക് പോകുന്നത്. സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം തികയുന്ന 2022-ല്‍ സ്വാതന്ത്ര്യദിനത്തിനുമുന്‍പ് മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് ഐ.എസ്.ആര്‍.ഒ. മൂന്നുപേരുമായി ബഹിരാകാശത്തെ ചുറ്റി 300 കിലോമീറ്ററില്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ ഒരാഴ്ച നിന്ന് തിരിച്ചുവരുന്ന രീതിയിലാണിത് വിഭാവനം ചെയ്യുന്നത്.
ജയപ്രകാശ്, വേളമാനൂര്‍ ലക്ഷ്മിവിലാസത്തില്‍ എസ്.ജനാര്‍ദനന്‍ നായരുടെയും ദേവകി അമ്മയുടെയും രണ്ടാമത്തെ മകനാണ്. മദ്രാസിലെ എം.ഐ.ടി. യില്‍ പഠിച്ചുകൊണ്ടിരിക്കെ കാമ്പസ് സെലക്ഷനിലൂടെ 1985-ലാണ് ജയപ്രകാശ് ഐ.എസ്.ആര്‍.ഒ. യില്‍ എത്തന്നത്.
2002-ല്‍ മാധവന്‍ നായര്‍ ചെയര്‍മാനായിരിക്കുമ്പോള്‍ തുടങ്ങിയ മാര്‍ക്ക്-3 മിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പത്തുവര്‍ഷം അസോസിയേറ്റ് പ്രോജക്ട് ഡയറക്ടറായി. തുടര്‍ന്ന് മിഷന്റെ പ്രോജക്ട് ഡയറക്ടറായി. തിരുവനന്തപുരം ശാസ്തമംഗലം മരുതംകുഴിയിലെ പുണര്‍തത്തിലാണിപ്പോള്‍ താമസം.
എന്‍.ഐ.സി.യിലെ ടെക്‌നിക്കല്‍ ഡയറക്ടറായ ബീന ജയപ്രകാശാണ് ഭാര്യ. വി.എസ്.എസ്.സി. സയന്റിസ്റ്റ് ആകാശ്, കൊല്ലം അമൃതയില്‍ എന്‍ജിനീയറിങ് അവസാനവര്‍ഷ വിദ്യാര്‍ഥി ശ്രീഹരി എന്നിവര്‍ മക്കളും വി.എസ്.എസ്.സി. സയന്റിസ്റ്റ് അപര്‍ണ മരുമകളുമാണ്.
Content Highlights: Dr J Jayaprakash, Chandrayaan-2, GSLV Mark 3, ISRO, Chandrayaan- 2 Launching